അമ്പലപ്പുഴ: പശ്ചിമബംഗാളിൽ നിന്ന് പഠനത്തിനായി മലയാള മണ്ണിലെത്തിയ അഭിനാഷ് ഛേത്രിക്ക് പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ്. അമ്പലപ്പുഴ കെ.കെ. കുഞ്ചുപിള്ള സ്മാരക ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിയാണ് അഭിനാഷ്. ബയോളജി സയൻസ് വിഷയത്തിലാണ് അഭിനേഷ് തിളക്കമാർന്ന വിജയം കരസ്ഥമാക്കിയത്.
പശ്ചിമബംഗാളിലെ അലിപ്പുർ സ്വദേശി ഗീതാ ഛേത്രിയുടെ മകനാണ് അഭിനാഷ്. സഹോദരി പൂജാ ഛേത്രിയെ ഫോർട്ട് കൊച്ചിയിൽ ഹോട്ടൽ നടത്തുന്ന അമ്പലപ്പുഴ കോമന മനുഭവനിൽ ശരത് അശോകാണ് വിവാഹം ചെയ്തത്. ശരത്താണ് അഭിനാഷിനെ പഠനത്തിനായി ആറുവർഷംമുൻപ് അമ്പലപ്പുഴയിലെത്തിച്ചത്. ആദ്യം അമ്പലപ്പുഴ മരിയാ മോണ്ടിസറി സ്‌കൂളിലായിരുന്നു പഠനം.
പിന്നീട്, അമ്പലപ്പുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിലെത്തിയ അഭിനാഷ് പത്താംക്ലാസിലും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. ഹയർ സെക്കൻഡറിക്കാണ് കുഞ്ചുപിള്ള സ്‌കൂളിലെത്തിയത്. അഭിനാഷിനു മലയാളവും നന്നായി വഴങ്ങും. ഡോക്ടറാകണമെന്നാണ് അഭിനാഷിന്റെ ആഗ്രഹം. ഇതിനായി നീറ്റ് പരീക്ഷയ്ക്ക് അപേക്ഷ നൽകി പരിശീലനത്തിലാണ്.
Discussion about this post