തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ ഇടപെടലിനെ തുടർന്ന് 2022-23 അധ്യയന വർഷത്തിലെ കീം (എഞ്ചിനീയറിങ്/ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ) എൻട്രൻസ് പരീക്ഷ മാറ്റിവെച്ചു.
ഞായറാഴ്ച നടക്കേണ്ടിയിരുന്ന പ്രവേശന പരീക്ഷയാണ് തൊട്ടടുത്ത ദിവസമായ തിങ്കളാഴ്ചയിലേക്ക് മാറ്റിയത്. ജൂലൈ മൂന്നിന് രാവിലെ 10.30യ്ക്ക് നടക്കേണ്ടിയിരുന്ന ഒന്നാം പേപ്പർ ഫിസിക്സ് ആൻഡ് കെമിസ്ട്രി പരീക്ഷയും ഉച്ചയ്ക്ക് 2.30ക്ക് നടക്കേണ്ടിയിരുന്ന പേപ്പർ രണ്ട് മാത്തമാറ്റിക്സ് പരീക്ഷയുമാണ് ജൂലൈ നാലാം തീയതിയിലേക്ക് മാറ്റിയിരിക്കുന്നത്.
സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം അഡ്വ. ടിവി മുഹമ്മദ് ഫൈസൽ മുഖേനെ വ.ഡോ. ഡെന്നി താന്നിക്കൽ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് പരീക്ഷകൾ മാറ്റിവെയ്ക്കാനായി പ്രവേശന പരീക്ഷാ കമ്മീഷൻ തീരുമാനിച്ചത്.
പരീക്ഷാസമയത്തിൽ മാറ്റമില്ലെന്നും പ്രവേശന പരീക്ഷ കമ്മീഷണറുടെ കാര്യാലയം അറിയിച്ചു. അതേസമയം കീം പരീക്ഷ നടക്കുന്ന സ്കൂളുകൾക്ക് അന്നേദിവസം അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസ വകുപ്പാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയിരിക്കുന്നത്.
Discussion about this post