ന്യൂഡൽഹി: താൻ ബിജെപി വിടുമെന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്ന് വ്യക്തമാക്കി സുരേഷ് ഗോപി രംഗത്ത്. വാർത്തകൾക്ക് പിന്നിൽ ദുഷ്ടലാക്കുണ്ടെന്ന് സുരേഷ് ഗോപി പറയുന്നു. വീണ്ടും രാജ്യസഭാംഗമായി പരിഗണിക്കാത്തതിൽ സുരേഷ് ഗോപിക്ക് അരിശമുണ്ടെന്നും പാർട്ടി വിടുമെന്നാണ് ഉയർന്ന അഭ്യൂഹങ്ങൾ. ഇതിനോട് പ്രതികരിക്കുകയായിരുന്നു താരം. നിലവിൽ അദ്ദേഹം ഡൽഹിയിലാണ്.
‘ആ വാർത്തകൾ സൃഷ്ടിച്ചവരോട് തന്നെ ചോദിക്കണം, ഇത് എന്തിനുവേണ്ടിയായിരുന്നുവെന്ന്. ബി.ജെ.പി. വിട്ട് എങ്ങോട്ടുമില്ല. നരേന്ദ്ര മോദിയ്ക്കും അമിത് ഷായ്ക്കും ജെ.പി.നദ്ദയ്ക്കും രാജ്‌നാഥ് സിങ്ങിനും ഉറച്ച പിന്തുണ നൽകും,’ സുരേഷ് ഗോപി വാർത്തയിൽ വ്യക്തത വരുത്തി. സുരേഷ് ഗോപി ബി.ജെ.പി വിടുമെന്നായിരുന്നു ട്വിറ്റർ അടക്കമുള്ള സമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ ചർച്ചനടന്നിരുന്നത്.
ബി.ജെ.പിയുടേ സജീവ പ്രവർത്തനങ്ങളിൽ നിന്നും സുരേഷ് ഗോപി പിന്മാറുന്നു, സിനിമകളിൽ കേന്ദ്രീകരിക്കുന്നുവെന്നുമായിരുന്നു പ്രചരണം നടന്നിരുന്നത്. പാർട്ടി പ്രവർത്തകർ കൂടിക്കാഴ്ച നടത്തിയെങ്കിലും പാർട്ടി പ്രവർത്തനത്തിൽ സജീവമാകണമെന്ന അഭ്യർത്ഥന അദ്ദേഹം നിരാകരിക്കുകയായിരുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
യൂട്യൂബ് കേന്ദ്രീകരിച്ച സ്വകാര്യ ചാനലാണ് ഇത്തരമൊരു വാർത്ത പുറത്തുവിട്ടത്. ‘സുരേഷ് ഗോപി ബി.ജെ.പി. വിട്ടു… ഇനി ഒന്നിനുമില്ല’ എന്ന തലക്കെട്ടോടെയാണ് വീഡിയോ വാർത്ത. ഇതിന്റെ ചുവടുപിടിച്ചാണ് ട്വിറ്ററിൽ ചർച്ച. പിന്നാലെയാണ് വിശദീകരണവുമായി സുരേഷ് ഗോപി തന്നെ രംഗത്ത് വന്നത്.