ഒല്ലൂര്‍: കഴുത്തില്‍ താലി ചാര്‍ത്തി ഹരിതയെ ശിവദാസ്, ജീവിത സഖിയാക്കിയപ്പോള്‍ അനുഗ്രഹാശിസ്സുകളുമായി അച്ഛനായി ഫാ. ജോര്‍ജ് കണ്ണംപ്ലാക്കലുണ്ടായിരുന്നു. ളോഹ ഊരി വച്ച് കസവുമുണ്ടും ഷര്‍ട്ടും ധരിച്ച് മനം നിറയെ പ്രാര്‍ഥനകളുമായി കാരണവരായി തന്നെ മണ്ഡലപത്തില്‍ വന്നു.
ചെന്നായ്പ്പാറ ദിവ്യഹൃദയാശ്രമത്തിലെ അന്തേവാസിയായിരുന്ന ഹരിതയുടെ വിവാഹമായിരുന്നു കഴിഞ്ഞദിവസം. രണ്ടുവയസ്സുള്ളപ്പോഴാണ് ഹരിത ഇവിടെ എത്തിപ്പെട്ടത്. പിന്നീട് ഇതുവരെ ആശ്രമത്തിന്റെ മകളായിത്തന്നെ വളര്‍ന്നു. ഇതിനിടയില്‍ യു.പി. സ്കൂള്‍ പഠനത്തിന് മാളയിലെ ഒരു കോണ്‍വെന്റ് സ്കൂളില്‍ ചേര്‍ത്തു. ഇതേ സ്കൂളിലാണ് അമ്പഴക്കാട് സ്വദേശിയായ ശിവദാസും പഠിച്ചത്.
കുറച്ചുനാള്‍മുമ്പ് അന്നത്തെ യു.പി. ക്ലാസിലുണ്ടായിരുന്നവര് നടത്തിയ ഓണ്‍ലൈന്‍ സൗഹൃദക്കൂട്ടായ്മയിലാണ് ഹരിതയും ശിവദാസും പഴയ സൗഹൃദം പങ്കിട്ടത്. യു.എ.ഇ.യില്‍ അക്കൗണ്ടന്റാണ് ശിവദാസ്. ഹരിത അഹമ്മദാബാദില്‍ നഴ്സാണ്.
സൗഹൃദക്കൂട്ടായ്മയിലാണ് വിവാഹാലോചനയെത്തിയത്. ശിവദാസിന്റെ വീട്ടുകാര്‍ ആശ്രമത്തിലെത്തി പെണ്ണുകാണലും നടത്തി.
മാന്ദാമംഗലം മഹാവിഷ്ണുക്ഷേത്രത്തിലായിരുന്നു വിവാഹം. ദിവ്യഹൃദയാശ്രമത്തിന്റെ ഡയറക്ടറായ ഫാദര്‍ അച്ഛന്റെ സ്ഥാനത്തുനിന്നാണ് ക്ഷേത്രത്തിലെ ചടങ്ങുകളെല്ലാം നടത്തിയത്. ആശ്രമത്തില്‍ മറ്റ് അന്തേവാസികള്‍ക്കൊപ്പം വരന്റെ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും സദ്യയും നല്കി.
ശേഷം വൈകീട്ട് ആശ്രമത്തില്‍ നിന്ന് 80 പേരുമായി വരന്റെ വീട്ടിലേക്ക് വിരുന്നിനും പോയി. അടുത്തമാസം ശിവദാസ് ദുബായിലേക്കു പോകുമ്പോള്‍ ഒപ്പം ഹരിതയുമുണ്ടാകും.
Discussion about this post