തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയാ അനാസ്ഥയുമായി ബന്ധപ്പെട്ട് രണ്ട് ഡോക്ടര്‍മാര്‍ക്കെതിരേ നടപടി. യൂറോളജി, നെഫ്രോളജി വകുപ്പുകളുടെ ചുമതല വഹിക്കുന്ന ഡോക്ടര്‍മാരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു.
രോഗിയുടെ മരണ കാരണം സംബന്ധിച്ച കൃത്യമായ വിവരം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ പറയാനാവുകയുള്ളൂ. സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.
അതേസമയം വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് മുമ്പ് രോഗിക്ക് ഡയാലിസിസ് നടത്തണമെന്നും അതിനേതുടര്‍ന്നുണ്ടായ താമസമാണ് ശസ്ത്രക്രിയ വൈകാന്‍ ഇടയായതെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. എന്നാല്‍ അവയവവുമായി കളമശ്ശേരിയില്‍ നിന്ന് പുറപ്പെടുന്ന സമയത്തു തന്നെ ഡയാലിസിസ് തുടങ്ങിയിരുന്നുവെങ്കില്‍ ഈ കാലതാമസം ഒഴിവാക്കാമായിരുന്നതേയുള്ളു. നെഫ്രോളജി,യൂറോളജി വിഭാഗങ്ങള്‍ സംയുക്തമായി നടത്തേണ്ട ശസ്ത്രക്രിയയ്ക്ക് വേണ്ടി രോഗിയെ സജ്ജമാക്കുന്നതില്‍ വീഴ്ച സംഭവിച്ചുവെന്ന് വേണം വിലയിരുത്താന്‍.
എറണാകുളം രാജഗിരി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന മസ്തിഷ്‌ക മരണം സംഭവിച്ച 34 കാരന്റെ വൃക്കയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവന്നത്. ശനിയാഴ്ചയായിരുന്നു ഇയാളുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഒരു വൃക്ക കോട്ടയം മെഡിക്കല്‍ കോളേജിനും മറ്റൊരു വൃക്കയും പാന്‍ക്രിയാസും കൊച്ചി അമൃത ആശുപത്രിയിലേക്കും കരള്‍ രാജഗിരി ആശുപത്രിക്കും അനുവദിച്ചു. എന്നാല്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ അനുയോജ്യമായ രോഗി ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് അനുവദിച്ചത്.
എന്നാല്‍ ഞായറാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വൃക്ക എത്തിച്ചെങ്കിലും ശസ്ത്രക്രിയയ്ക്ക് താമസമുണ്ടായി. പിന്നീട് ശസ്ത്രക്രിയ നടത്തിയെങ്കിലും രോഗി മരിച്ചു. തിരുവനന്തപുരം കാരക്കോണം സ്വദേശി സുരേഷാണ് മരിച്ചത്. മൂന്ന് മണിക്കൂറുകൊണ്ടാണ് എറണാകുളത്ത് നിന്ന് മാറ്റിവെക്കേണ്ട വൃക്കയുമായി ആംബുലന്‍സ് മെഡിക്കല്‍ കേളേജിലെത്തിയത്.