മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിത കഥ പറയുന്ന ‘റോക്കെട്രി ദി നമ്പി ഇഫക്ട്’ എന്ന ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചതോടെ വലിയ ചർച്ചയായിരുന്നു. ഇതോടെ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുയാണ് ആരാധകർ. ഇതിനിടെയ ഇപ്പോഴിതാ സിനിമയിലേക്ക് താൻ എങ്ങനെ എത്തി എന്ന് വിശദീകരിച്ചിരിക്കുകയാണ് നടനും ചിത്രത്തിന്റെ സംവിധായകനുമായ ആർ മാധവൻ.
നടൻ മാധവൻ കഥയെഴുതി സംവിധാനം ചെയ്ത് അഭിനയിച്ച് ചിത്രമാണിത്. നമ്പി നാരായണന്റെ വേഷത്തിലാണ് മാധവനെത്തുന്നത്. ‘ഈ സിനിമ സംവിധാനം ചെയ്തത് ഒരു ധീരതയുടെ പുറത്തല്ല, അതിന്റെ ആവശ്യം വന്നതുകൊണ്ടാണ്.’- ചിത്രത്തിലേക്ക് എത്തിയതിനെ കുറിച്ച് മാധവന്റെ വാക്കുകളിങ്ങനെ.
എനിക്ക് ഈ സിനിമ സംവിധാനം ചെയ്യണമെന്നില്ലായിരുന്നു. നമ്പി നാരായണന്റെ കഥ ഞാൻ നേരത്തെ കേട്ടിരുന്നു. മാലിദ്വീപിലെ സ്ത്രീയുമായി ഒരു അഫെയറുള്ള സയന്റിസ്റ്റ്. അതുകൊണ്ട് അദ്ദേഹത്തെ ജയിലിലിടുന്നു. ഇതൊരു ജയിംസ് ബോണ്ട് സ്റ്റോറിയാകുമെന്നാണ് ഞാനും വിചാരിച്ചത്. സുന്ദരിയായ മാലിദ്വീപ് യുവതിയും ഐഎസ്ആർഒ സയന്റിസ്റ്റും. അതുപോലെയൊരു കഥ ചെയ്യാമെന്നാണ് വിചാരിച്ചിരുന്നത് മാധവൻ നേരെ ചൊവ്വേ പരിപാടിയിൽ പറഞ്ഞതിങ്ങനെ.
എന്നാൽ അദ്ദേഹത്തെ കണ്ടതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. ഇതൊരു സാധാരണ കഥയല്ലെന്ന് എനിക്ക് മനസിലായി. അദ്ദേഹത്തിന്റെ സംഭാവനകൾ ഒരിക്കലും വലിയ അഭിമാനത്തോടെയല്ല അദ്ദേഹം പറയുന്നത്. വികാസ് എഞ്ചിൻ വികസിപ്പിച്ചതൊക്കെ സാധാരണ കാര്യം പോലെ പറഞ്ഞു.
എന്നാൽ തന്റെ മേൽ വന്ന കേസിനെ സംബന്ധിച്ച് സംസാരിച്ചപ്പോൾ അദ്ദേഹത്തിന് എപ്പോഴും ദേഷ്യമായിരുന്നു. കേസിനെ പറ്റി ഓർക്കുമ്പോൾ അദ്ദേഹം അസ്വസ്ഥനും വികാരാധീനനുമായി. അദ്ദേഹത്തിന്റെ കഥ കേട്ടതിന് ശേഷം ഞാൻ അത് എഴുതാൻ തീരുമാനിക്കുകയായിരുന്നു. എനിക്ക് സംവിധാനം ചെയ്യണമെന്നില്ലായിരുന്നുവെന്നും മാധവൻ വിശദീകരിച്ചു.
‘നമ്പി നാരായണൻ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ മനസിലാക്കിയതിനാലാണ് ഞാൻ അദ്ദേഹത്തിന്റെ കഥ എഴുതിയത്. എന്താണ് വികാസ് എഞ്ചിൻ, അതിന്റെ മേന്മ എന്താണ്? ഇത്രയും കാലമായി വികാസ് എഞ്ചിൻ എന്തുകൊണ്ട് പരാജയപ്പെടുന്നില്ല ഇതെല്ലാം അറിയാം.’
’80തോളം മിഷനുകൾ വികാസ് എഞ്ചിൻ പൂർത്തിയാക്കിയിട്ടുണ്ട്. വികാസ് എഞ്ചിൻ ഇല്ലാതെ ഇസ്രോ നടത്തിയ ഒരു മിഷനുമില്ല. മംഗൾയാനും, ചന്ദ്രയാനുമെല്ലാം, അതെല്ലാം എനിക്ക് അത്ഭുതമായി തോന്നി. എനിക്ക് ആ സാങ്കേതിക വിദ്യ മനസിലായി, അങ്ങനെയാണ് ഞാൻ അത് എഴുതുന്നത്,’ മാധവൻ പറഞ്ഞു.