കോട്ടയം:കഴിഞ്ഞ 23ന് പാത്താമുട്ടത്ത് ആക്രമണത്തിനിരയായ കരോള്‍ സംഘാംഗങ്ങള്‍ ഇന്നും പള്ളിയില്‍. കുട്ടികള്‍ക്കൊപ്പം അഞ്ചു കുടുംബങ്ങളാണ് പോലീസ് കാവലില്‍ പള്ളിയില്‍ കഴിയുന്നത്. പുറത്തിറങ്ങിയാല്‍ ജീവനെടുക്കുമെന്ന അക്രമികളുടെ ഭീഷണിയില്‍ ഇന്ന് ആറാം ദിവസമാണ് ഇവര്‍ വീട്ടിലേക്ക് മടങ്ങാതെ കിടക്കുന്നത്.
ആക്രമണത്തില്‍ 7 പേരെ അറസ്റ്റു ചെയ്തിരുന്നെങ്കിലും ഇവര്‍ക്കു ജാമ്യം ലഭിച്ചതോടെ ഭീഷണിയേറിയെന്നാണ് ആരോപണം. അക്രമത്തില്‍ ഭയന്ന കുട്ടികളും സ്ത്രീകളും അള്‍ത്താരയ്ക്കു പിന്നില്‍ ഒളിക്കേണ്ടി വന്നെന്നും പരാതിക്കാര്‍ പറയുന്നു. കാരോള്സംഘത്തിനൊപ്പം കയറി നഗ്നതാ പ്രദര്‍ശനം നടത്തിയ അക്രമികളെ ചോദ്യം ചെയ്തതാണ് പ്രകോപനത്തിനു കാരണം. ആക്രമണത്തില്‍ പള്ളിയിലെ ഉപകരണങ്ങളും നശിപ്പിച്ച സംഘം പരിസരത്തെ 4 വീടുകള്‍ക്കുനേരെയും ഇരുചക്രവാഹനങ്ങള്‍, ഓട്ടോ എന്നിവയ്ക്കുനേരെയും ആക്രമണം നടത്തി.
പെണ്‍കുട്ടികളെ ശാരീരികമായും അക്രമികള്‍ ഉപദ്രവിച്ചു. എന്നാല്‍ ഇക്കാര്യങ്ങള്‍ പോലീസിനോടു പലതവണ പറഞ്ഞിട്ടും പരാതികള്‍ നല്‍കിയിട്ടും പ്രയോജനമുണ്ടായിട്ടില്ല. അക്രമം നടന്ന പാത്താമുട്ടം മേഖലയില്‍ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ ലംഘിച്ച് അക്രമികള്‍ ഇപ്പോള്‍ പ്രദേശത്തു വിഹരിക്കുകയാണെന്നും സഭാംഗങ്ങള്‍ക്കു വധഭീഷണിയുണ്ടെന്നും പരാതിയില്‍ പറയുന്നു.
Discussion about this post