കൊച്ചി : സംസ്ഥാന സിവില്‍ സപ്ലൈസ് കോര്പ്പറേഷന് (സപ്ലൈകോ) ഉത്പന്നങ്ങള്‍ ഇനി വിദേശത്തും. മലയാളിയുടെ പ്രിയപ്പെട്ട ബ്രാന്‍ഡായ ശബരി ചായപ്പൊടി ഗള്‍ഫ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്താണ് സപ്ലൈകോ വിദേശ വിപണിയിലേക്ക് ചുവട് വയ്ക്കുന്നത്.
20 ടണ്‍ ചായപ്പൊടിയാണ് ആദ്യ ഘട്ടത്തില്‍ കൊച്ചി തുറമുഖം വഴി കയറ്റി അയയ്ക്കുന്നത്. വിദേശ വിപണിയില്‍ സാന്നിധ്യം ശക്തമായാല്‍ കൂടുതല്‍ അളവില്‍ കയറ്റുമതി നടത്താനാണ് തീരുമാനം. കേരള വിപണിയില്‍ ഏറെ ആവശ്യക്കാരുള്ള ചായപ്പൊടിയാണ് ശബരി. മാസം 200 മുതല്‍ 250 ടണ്‍ വരെയാണ് ശബരി തേയിലപ്പൊടിയുടെ വില്പന. അഞ്ച് കോടി രൂപയാണ് ഇതുവഴി സപ്ലൈകോയുടെ വരുമാനം.
സ്ട്രോങ് ഹോട്ടല്‍ ബ്ലെന്‍ഡ്, സൂപ്പര്‍ ഫൈന്‍ ഡസ്റ്റ് ടീ, ശബരി സുപ്രീം, ഗോള്‍ഡ് പ്രീമിയം ഡസ്റ്റ് ടീ എന്നിങ്ങനെ നാല് രുചികളില്‍ ലഭ്യമായ ശബരി തേയിലപ്പൊടി ഗുണമേന്മയുടെ കാര്യത്തിലും മറ്റ് ബ്രാന്‍ഡുകളേക്കാള്‍ ഏറെ മുന്നിലാണ്. പ്രമുഖ എസ്റ്റേറ്റുകളില്‍ നിന്നും ലേലത്തില്‍ സംഭരിക്കുന്ന തേയില സ്വന്തം ബ്ലെന്‍ഡിങ് യൂണിറ്റുകളില്‍ സംസ്കരിച്ചാണ് ശബരി ചായപ്പൊടി നിര്‍മിക്കുന്നത്.
ഗുണമേന്മയില് യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലാത്തത് കൊണ്ട് തന്നെ വിശ്വാസയോഗ്യമായ ബ്രാന്‍ഡായാണ് ശബരി തേയിലപ്പൊടി വിലയിരുത്തപ്പെടുന്നത്. പായ്ക്കിങ് മികവ് കൊണ്ടും ന്യായമായ വില കൊണ്ടും ചായപ്പ്രേമികളുടെ മനം കവര്‍ന്ന ശബരി ടീ വിദേശവിപണിയിലും താരമാകുമെന്നുറപ്പ്.
Discussion about this post