പൂജപ്പുര: സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ പ്രതി കിരൺ കുമാറിന് പൂജപ്പുര ജയിയിൽ ലഭിച്ചത് തോട്ടക്കാരന്റെ ജോലിയെന്ന് റിപ്പോർട്ട്. പ്രതിക്ക് പൂന്തോട്ട പരിപാലനമാണ് ജോലിയെന്നും കളപറിക്കലാണ് ഇപ്പോഴത്തെ ജോലിയെന്നും മാധ്യമറിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
10 വർഷത്തെ കഠിന തടവിന് ശിക്ഷിക്കപ്പെട്ട കിരൺ കുമാർ ജയിലിൽ പ്രശ്നക്കാരനല്ല. ആരോടും സംസാരമോ കൂട്ടുകൂടലോ ഇല്ല. രാവിലെ ഏഴ് മണിക്ക് സെല്ലിൽ നിന്നും ഇറക്കിയാൽ നാലു മണി വരെ പൂന്തോട്ട പരിപാലനവും പരിസരം വൃത്തിയാക്കലുമാണ് കിരണിന്റെ ജോലി. ഉച്ചക്ക് ഒരു മണിക്കൂറാണ് ലഞ്ച് ബ്രേക്ക്. ഈ ജോലിക്ക് കിരണിന് ജയിൽ വകുപ്പ് അനുവദിച്ചിരിക്കുന്ന ഒരു ദിവസത്തെ ശമ്പളം 63 രൂപയാണ്. ഇത് കിരണിന്റെ ജയിൽ അക്കൗണ്ടിലേക്ക് മാറ്റും. ജയിൽ കാന്റീനിൽ നിന്നും ഭക്ഷണം ഓർഡർ ചെയ്യാനും സോപ്പ്, പേസ്റ്റ് ഉൾപ്പടെയുള്ള അവശ്യസാധനങ്ങൾ വാങ്ങാനും ഈ പണം കിരണിന് ഉപയോഗിക്കാവുന്നതാണ്.
അതേസമം, കിരണിന് ലഭിച്ചിരിക്കുന്ന ശിക്ഷ കാരണം ഇയാൾ പുതിയ മനുഷ്യനായെന്നാണ് ജയിലിലെ വാർഡന്മാരുടെ അഭിപ്രായം. വന്ന സമയത്തുള്ള പഴയ അഹങ്കാരമില്ല മുഖത്ത് എന്നും എല്ലാത്തിനോടും സമരസപ്പെട്ട് പറയുന്ന ജോലികൾ കൃത്യമായി ചെയ്തു പോകുകയാണെന്നുമാണ് വിവരം.. കളപറിക്കൽ കഴിഞ്ഞ് എട്ടാം ബ്ലോക്കിലെ സെല്ലിലെത്തിയാൽ വായനയിൽ മുഴുകും. വൈകുന്നേരം അനുവദിച്ചിട്ടുള്ള ടിവി കാണൽ പരിപാടിക്ക് കിരൺ പോകാറില്ല.
അതേസമയം, പൊരിവെയിലത്തുള്ള കളപറിക്കൽ തന്നെ വലിയ ശിക്ഷയായി മാറിയതോടെ വാർഡന്മാർക്കും സൂപ്രണ്ടിനും മുന്നിൽ ഓഫീസ് ജോലി എന്തെങ്കിലും നൽകണമെന്നാണ് കിരണിന്റെ അപേക്ഷ. താൻ അഭ്യസ്തവിദ്യനാണെന്നും ഓഫീസ് സംബന്ധമായ മറ്റ് ജോലികൾ എന്തെങ്കിലും കിട്ടിയാൽ സഹായമാകുമെന്നും വാക്കാൽ അഭ്യർത്ഥിച്ചിരിക്കുകയാണ് കിരൺ. എന്നാൽ മാധ്യമ ശ്രദ്ധയുള്ള കേസായതിനാലും പുതിയ സൂപ്രണ്ട് തടവുകാർ ഓഫീസ് ജോലി ചെയ്യേണ്ട എന്ന നിലപാട് സ്വീകരിച്ചിരിക്കുന്നതിനാലും കിരൺ കുമാറിന് കളപറിക്കലിൽ തന്നെ തുടരേണ്ടി വരും.ജോലി ചെയ്യാൻ കഴിയുമെന്ന് ഡോക്ടർ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയതിനെ തുടർന്നാണ് ജയിൽ വളപ്പിനുള്ളിലെ ജോലികളിൽ കിരണിന് നൽകി തുടങ്ങിയത്.
അതേസമയം, ശിക്ഷയ്ക്ക് എതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകാനുള്ള നീക്കത്തിലാണ് കിരൺകുമാർ. എന്നാൽ വിസ്മയയുടെ ശബ്ദരേഖ ഉൾപ്പടെയുള്ള തെളിവുകൾ ഉള്ളതിനാൽ മേൽക്കോടതിയിലും രക്ഷയുണ്ടാകില്ലെന്നാണ് സൂചന.
കഴിഞ്ഞ ജൂൺ 21-നാണ് വിസ്മയയെ മരിച്ചനിലയിൽ കണ്ടെത്തിയത്. സ്ത്രീധനമായി നൽകിയ കാറിൽ തൃപ്തനല്ലാത്തതിനാലും വാഗ്ദാനംചെയ്ത സ്വർണം ലഭിക്കാത്തതിനാലും ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടർന്ന് വിസ്മയ ജീവനൊടുക്കിയെന്നാണ് കേസ്. വിസ്മയ ജീവനൊടുക്കിയിട്ട് 11 മാസവും മൂന്നുദിവസവും തികഞ്ഞ ദിവസമായിരുന്നു കേസിലെ ശിക്ഷാവിധി. പത്തുവർഷത്തെ തടവും 12.55 ലക്ഷം രൂപ പിഴയുമാണ് കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതി കിരൺകുമാറിന് ശിക്ഷയായി വിധിച്ചത്.
Discussion about this post