മാവേലിക്കര: ജന്മനാ കൈകളില്ലാത്ത മാവേലിക്കര സ്വദേശിനിയായ കൺമണി ഇപ്പോൾ ഒന്നാം റാങ്ക് തിളക്കത്തിലാണ്. ശാരീരിക പരിമിതികളെ പ്ലസ് ആക്കിയാണ് കൺമണി ബിരുദ പരീക്ഷയിൽ ഒന്നാംറാങ്ക് കരസ്ഥമാക്കിയത്. നാടിനും വീടിനും ഒരുപോലെ അഭിമാനമായിരിക്കുകയാണ് ഈ മിടുക്കി.
അറുന്നൂറ്റിമംഗലം അഷ്ടപദിയിൽ എസ്.കൺമണി കേരള സർവകലാശാല ബിപിഎ (വോക്കൽ) പരീക്ഷയിലാണ് കൺമണി ഒന്നാം റാങ്ക് നേടിയത്. തിരുവനന്തപുരം സ്വാതി തിരുനാൾ ഗവ.സംഗീത കോളജ് വിദ്യാർഥിനിയായ കൺമണിക്കു സംഗീതത്തിൽ ബിരുദാനന്തര ബിരുദം നേടാനാണ് ആഗ്രഹം. ജി.ശശികുമാറും രേഖയുമാണു കൺമണിയുടെ മാതാപിതാക്കൾ.
സ്‌കൂൾ പഠന കാലത്തു തന്നെ കലോത്സവ വേദികളിൽ കൺമണി നിറഞ്ഞുനിന്നിരുന്നു. കാലു കൊണ്ടു ചിത്രം വരച്ചു സമ്മാനങ്ങൾ വാരിക്കൂട്ടിയ ഈ കൺമണി സംഗീത കച്ചേരികളും അവതരിപ്പിക്കുന്നുണ്ട്. 2019ൽ സർഗാത്മക മികവിനുള്ള കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന്റെ പുരസ്‌കാരവും കൺമണിയെ തേടിയെത്തിയിട്ടുണ്ട്.
കൈകൾ ഇല്ലാതെയും പരിമിതികളുള്ള കാലുകളുമായും ജനിച്ച തന്റെ ജീവിതം മറ്റുള്ളവർക്കു പ്രചോദനം ആകണമെന്ന ലക്ഷ്യമാണ് തന്റെ ഓരോ പ്രവൃത്തികളുമെന്നാണ് കൺമണിയുടെ പക്ഷം. അതിനായി തന്റെ ഓരോ പ്രവൃത്തികളുടെയും വിഡിയോ ചിത്രീകരിച്ചു യുട്യൂബിൽ കൺമണി അപ്ലോഡ് ചെയ്യുന്നുണ്ട്. സഹോദരൻ: മണികണ്ഠൻ.