ഫോർട്ടുകൊച്ചി: ഫോർട്ടുകൊച്ചി പോസ്റ്റ് ഓഫീസ് വളപ്പിൽ കഴിയുന്ന പൂച്ചയ്ക്ക് മയാ എന്ന പേര് നൽകി കൊഞ്ചിച്ചും ലാളിച്ചും ഭക്ഷണം ഊട്ടിയും പരിപാലിക്കുകയാണ് ചിലിക്കാരിയായ വാവര. രാത്രി സമയത്ത് മാത്രം പുറത്തിറങ്ങുന്ന മയായെ നാട്ടുകാർക്കൊന്നും പരിചയമില്ല. എന്നാൽ, രണ്ടു വർഷം മുമ്പ് കൊച്ചികാണാനെത്തിയപ്പോളാണ് വാവര പൂച്ചയെ കണ്ടത്. രാത്രിയിൽ പോസ്റ്റ് ഓഫീസിന് സമീപത്തുകൂടി നടക്കുന്നതിനിടയിലായിരുന്നു അപ്രതീക്ഷിതമായി പൂച്ചയെ കണ്ടത്.
കൈയിലുണ്ടായിരുന്ന ഭക്ഷണം അവൾ പൂച്ചയ്ക്ക് കൊടുത്തു. അതോടെ ഇരുവർക്കുമിടയിൽ സൗഹൃദം ഉടലെടുത്തു. ആ നിമിഷമാണ് അവൾ പൂച്ചക്കുട്ടിക്ക് മയാ എന്ന പേര് നൽകിയത്. കോവിഡ് രൂക്ഷമായ കാലമായിരുന്നു അത്. കൊച്ചിയിൽ ഒരു വീട്ടിൽ താമസിച്ച വാവരയും അമ്മ പവോല കലാസ്‌കോയും നാട്ടിലേക്ക് പോകാനാവാതെ കുടുങ്ങി. എങ്കിലും എല്ലാ ദിവസവും അവർ രാത്രി സമയത്ത് പോസ്റ്റ് ഓഫീസിന് സമീപമെത്തി പൂച്ചയ്ക്ക് ഭക്ഷണം നൽകി. കോവിഡിന് ശേഷം യാത്ര സാധ്യമായപ്പോൾ ഇവർ നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. ചിലിക്കാരാണെങ്കിലും വാവരയും കുടുംബവും ഇപ്പോൾ താമസിക്കുന്നത് ജർമനിയിലാണ്.
കഴിഞ്ഞ മാർച്ചിൽ വാവരയും അമ്മയും വീണ്ടും കേരളത്തിലെത്തി. വാവര ഫോർട്ട് കൊച്ചിയിലേയ്ക്ക് ഓടിയെത്തി. ആദ്യം അന്വേഷിച്ചത് പോസ്റ്റ് ഓഫീസ് വളപ്പിലെ മയാപ്പൂച്ചയെയാണ്. വാവരയെ കണ്ടതോടെ പൂച്ച ശബ്ദമുണ്ടാക്കി അടുത്തെത്തി. കൈയിൽ കരുതിയിരുന്ന പ്ലാസ്റ്റിക് പാത്രത്തിൽ വാവര, പൂച്ചയ്ക്ക് ഭക്ഷണം നൽകി. ഇപ്പോൾ വീണ്ടും വാവരയും അമ്മയും കൊച്ചിയിൽ തങ്ങിയിരിക്കുകയാണ്. എല്ലാ ദിവസവും രാത്രിയിൽ ഇവർ പൂച്ചയ്ക്ക് ഭക്ഷണവുമായെത്തും. രാത്രി ആയാൽ പോസ്റ്റ് ഓഫീസിന്റെ മതിലിൽ പൂച്ച, വാവരയെ കാത്തിരിക്കും. വാവരയെ കാണുമ്പോൾത്തന്നെ പൂച്ച ശബ്ദമുണ്ടാക്കി ഓടിയെത്തും. വാവര പൂച്ചയെ വാരിയെടുക്കും. ഉമ്മവയ്ക്കും. പിന്നെയാണ് ഭക്ഷണം നൽകുന്നത്.
ഇനി കൊച്ചി വിടാനാണ് വാവരയുടെയും അമ്മയുടെയും തീരുമാനം. വാവര വിദ്യാർഥിനിയാണ്. അമ്മ യോഗ അധ്യാപികയും. എന്നാൽ നാട്ടിലേക്ക് മടങ്ങുമ്പോൾ, ഈ പൂച്ചയെക്കൂടി കൊണ്ടുപോകണമെന്നാണ് തന്റെ ആഗ്രഹമെന്ന് വാവര പറയുന്നു. നിയമം കൂടി അനുവദിച്ചാൽ മയാ ജർമനിയിലേയ്ക്ക് കുതിക്കും.