തെരുവ് നായ്ക്കളെ കൊല്ലാൻ വൈദ്യുതി പ്രവഹിപ്പിച്ച കെണി ഒരുക്കി; ഷോക്കേറ്റ് മരിച്ചത് കുടുംബാംഗവും, മൂന്നുപേർ അറസ്റ്റിൽ

ശ്രീകൃഷ്ണപുരം; തെരുവുനായ്ക്കളെ കൊല്ലാൻ വൈദ്യുതി പ്രവഹിപ്പിച്ച് സ്ഥാപിച്ച കെണിയിൽ തട്ടി ഷോക്കേറ്റ് മരിച്ചത് കുടുംബാംഗം. കുറുവട്ടൂർ ഇടുപടിക്കൽ 54കാരനായ സഹജൻ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെയാണു സംഭവം. സംഭവത്തിൽ സഹജന്റെ സഹോദരങ്ങളുടെ മക്കളായ ഇടുപടിക്കൽ രാജേഷ് (31), പ്രമോദ് (19), പ്രവീൺ (25) എന്നിവരെ അറസ്റ്റ് ചെയ്തു.

കാറിന്റെ ബമ്പർ കടിച്ചുവെന്ന് ആരോപണം; തെരുവ് നായയെ ഇരുമ്പ് വടി കൊണ്ട് അടിച്ച് കണ്ണ് പൊട്ടിച്ചു! കാലും മുഖവും അടിച്ച് തകർത്ത് മുരളിയുടെ കൊടുംക്രൂരത

വീട്ടുവളപ്പിൽനിന്നു ഷോക്കേറ്റ സഹജനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സഹജനെ രക്ഷിക്കാനായില്ല. സഹജനും സഹോദരന്മാരും ഒരേ വളപ്പിലെ വീടുകളിലാണ് താമസിച്ചിരുന്നത്. പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം കൂടുതലായിരുന്നു. ഇത് കണ്ട് വീട്ടുവളപ്പിൽ തെരുവു നായ്ക്കളെ കൊല്ലുന്നതിനായി സഹോദര പുത്രന്മാർ കെണി ഒരുക്കുകയായിരുന്നു.

ഇതിൽ നിന്നും സഹജന് ഷോക്കേൽക്കുകയായിരുന്നുവെന്ന് ശ്രീകൃഷ്ണപുരം പൊലീസ് ഇൻസ്‌പെക്ടർ കെ.എം.ബിനീഷ് പറഞ്ഞു. സമീപത്തെ വൈദ്യുതി ലൈനിൽ നിന്നാണ് കെണിയിലേക്ക് വൈദ്യുതി പ്രവഹിപ്പിച്ചത്. പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും. പോസ്റ്റ്‌മോർട്ടത്തിനു ശേഷം സംസ്‌കാരം നടത്തി. മിനിയാണ് സഹജന്റെ ഭാര്യ. മകൻ: വിഷ്ണു. മകൾ: ദിവ്യ. മരുമകൻ: സുരേഷ്.

Exit mobile version