ജീവിതത്തിലെ എല്ലാ സൗഭാഗ്യവും കൃത്യമായി ഒരു ദിനത്തില്‍ തന്നെ നടന്നാലോ, അത് അല്‍പം വ്യത്യസ്തതയും കൗതുകവും നിറഞ്ഞതാവും. അത്തരത്തില്‍ ഒരു ഭാഗ്യമാണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് നിറയുന്നത്.
ഡോക്ടറായ ശ്രീജിത്ത് എംഎസ് ആണ് കൗതുകം നിറഞ്ഞ പ്രണയകാലവും വിവാഹ ജീവിതവുമൊക്കെ പങ്കുവയ്ക്കുന്നത്. പതിനേഴ് വര്‍ഷം മുമ്പ് പ്രണയിനിയെ കണ്ടെത്തിയ ജൂണ്‍ 18ന് തന്നെയാണ് പ്രണയം സഫലമായി അവളെ ജീവിതസഖിയാക്കിയത്, അതുമാത്രമല്ല, കുഞ്ഞ് ഇവരുടെ ജീവിതത്തിലേക്കെത്തിയതും ജൂണ്‍ 18ന് തന്നെയാണ് എന്നതാണ് കൗതുകം നിറയ്ക്കുന്നത്.
ശ്രീജിത്തിന്റെ കുറിപ്പിങ്ങനെ:
2003 ജൂണ്‍ 18
വളരെ യാദൃശ്ചികമായ് എന്‍ട്രന്‍സ് ക്രാഷ് കോച്ചിങ് ബാച്ചില്‍ ഞാന്‍ ഒരു പെണ്‍കുട്ടിയെ ആദ്യമായി കാണാനിടയായി. പിന്നെ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി, പഠനം ഒന്നിച്ചായി. പിന്നെ ആ സൗഹൃദം എന്റെ മനസ്സില്‍ പ്രണയത്തിന് വഴിമാറി. അങ്ങനെ ഒരു നാള്‍ രണ്ടും കല്‍പ്പിച്ച് ഞാന്‍ എന്റെ പ്രണയം അവളോട് തുറന്നു പറഞ്ഞു ..
ചിരിച്ചു കളിച്ചു സന്തോഷത്തോടെ നിന്നവള്‍ പെട്ടന്ന് നിശബ്ദയായി. ചിന്താമഗ്‌നയായി. മുഖത്തെ പുഞ്ചിരി മാഞ്ഞു. അന്നത്തെ ദിവസം അവള്‍ പിന്നെ ഒരു വാക്ക് മിണ്ടാന്‍ പോയിട്ട് ഒന്ന് മുഖത്ത് നോക്കിയത് പോലുമില്ല..
എല്ലാം ഏകദേശം തീരുമാനമായെന്നു എനിക്ക് മനസിലായി..??
ബസ് സ്റ്റാന്‍ഡിലേക്കുള്ള പതിവുള്ള നടത്തത്തിന് എവിടുന്നോ ഒരു ചാറ്റല്‍ മഴ അന്ന് അകമ്പടിയുമുണ്ടാരുന്നു. പകുതി അവളുടെ കുടയിലും പകുതി വെളിയിലുമായി മഴ നനഞ്ഞ് കൂടെ ഞാന്‍ നടന്നപ്പോഴും അവള്‍ മിണ്ടിയില്ല, മൈന്‍ഡ് ചെയ്തില്ല.
ആ ..പോന്നെങ്കില്‍ പോട്ടേന്നു ഞാനും വിചാരിച്ചു.
പതിവ് പോലെ ട്രാന്‍സ്പോര്‍ട്ട് ബസില്‍ ഒരേ സീറ്റില്‍ ഞാന്‍ അവളുടെ കൂടെ ഇരുന്നു. അവസാന യാത്ര കൂടെ ഇങ്ങനെ ഒരുമിച്ചിരുന്ന് പോകാമെന്ന് ഞാന്‍ തീരുമാനിച്ചു. ബസ് വിട്ടപ്പോഴും അവള്‍ ഒന്നും മിണ്ടിയില്ല. യാത്ര ഏകദേശം പകുതിയായപ്പോള്‍ മടിയില്‍ വെച്ചിരുന്ന ബാഗിന്റെ സൈഡില്‍ കൂടെ ആരും കാണാതെ എന്റെ ഇടത് കൈ അവള്‍ വലം കൈ കൊണ്ട് കൊരുത്തു പിടിച്ചപ്പോള്‍ മാത്രം എനിക്ക് മനസിലായി, ഒന്നും അവിടെ അവസാനിക്കാന്‍ പോകുന്നില്ല, പകരം എല്ലാം അവിടെ തുടങ്ങാന്‍ പോവുകയാണെന്നും ..??????
പക്ഷെ കഥ അവിടം കൊണ്ട് തീരുന്നില്ല …
2012 ജൂണ്‍ 18 ( കൃത്യം 9 വര്‍ഷത്തിന് ശേഷം )
ഞാന്‍ അവളെ താലി കെട്ടി സ്വന്തമാക്കി..??
അവിടം കൊണ്ടും കഥ തീരുന്നില്ല ..
2015 ജൂണ്‍ 18 ( കൃത്യം 12 വര്‍ഷത്തിന് ശേഷം )
ഒരു പെണ്ണ് വാവയെ ഞങ്ങള്‍ക്കിടയിലേക്ക് ഞങ്ങള്‍ വരവേറ്റു ..????????
2022 ജൂണ്‍ 18 ( ഇന്ന് )
എന്തിന്റെയൊക്കെ എത്രാമത്തെ വാര്‍ഷികമാണോ എന്റെ അത്തിപ്പാറ അമ്മച്ചീ
Discussion about this post