പാങ്ങോട്: പൊട്ടിക്കിടന്ന വൈദ്യുതക്കമ്പിയിൽ നിന്ന് ഷോക്കേറ്റ് 44 കാരന് ദാരുണാന്ത്യം. മൈലമൂട് കൊച്ചാനക്കല്ലുവിള പോത്തറുത്തപച്ച അഞ്ജന ഹൗസിൽ അജിമോൻ ആണ് മരിച്ചത്. ഇയാളുടെ അമ്മ കിടപ്പുരോഗിയായിരുന്ന ശ്യാമള(60) ഈ കഴിഞ്ഞ ആറാം തീയതിയാണ് മരിച്ചത്. അമ്മ മരിച്ച് ഒരു മാസം തികയും മുൻപേയുള്ള അജിമോന്റെ വിയോഗം വീടിനെയും നൊമ്പരത്തിലാക്കി.
വിവാഹിതരായിട്ട് ഒന്നരമാസം, ഭാര്യ നാല് മാസം ഗര്ഭിണി : പരാതിയുമായി യുവാവ്
വ്യാഴാഴ്ച രാത്രി ഏഴിന് വീട്ടിൽ നിന്നും കടയിലേക്ക് പോയ അജിമോൻ മടങ്ങിവന്നിരുന്നില്ല. വെള്ളിയാഴ്ച പുലർച്ചെ വഴിയാത്രക്കാരനാണ് ഇയാൾ നടവരമ്പിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. അടുത്ത് വൈദ്യുതക്കമ്പി പൊട്ടിക്കിടക്കുന്നതുകണ്ട് സമീപവാസികളെ വിളിച്ചുണർത്തി വിവരം അറിയിച്ചു. തുടർന്ന് നാട്ടുകാർ പാങ്ങോട് പോലീസിലും കല്ലറ കെ.എസ്.ഇ.ബി.യിലും വിവരം അറിയിച്ചു. കടയിൽ നിന്നും രാത്രി 10 മണിയോടെ മടങ്ങിവരുന്നതിനിടയിൽ നടവരമ്പിൽ പൊട്ടിക്കിടന്ന വൈദ്യുത കമ്പിയിൽ ചവിട്ടിയാണ് മരണപ്പെട്ടതാണ് നിഗമനം.
വൈദ്യുത ലൈനിനോടു ചേർന്ന് മൺതിട്ടയിൽ നിന്ന വാഴ ലൈനിനു മുകളിലേക്കു മറിഞ്ഞ നിലയിലാണ്. സമീപത്തെ തെങ്ങിൽ ഉരഞ്ഞു പൊട്ടാറായ നിലയിലായിരുന്നു കമ്പിയെന്നും ഇക്കഴിഞ്ഞ ദിവസങ്ങളിൽ അഞ്ചുപ്രാവശ്യം ഇത്തരത്തിൽ കമ്പി പൊട്ടിയിരുന്നെന്നും സമീപവാസികളും പറഞ്ഞു. ഓരോതവണ അധികൃതർ എത്തി പൊട്ടിയ കമ്പി ശരിയാക്കി ഇട്ടിരുന്നുവെങ്കിലും തെങ്ങിൽ ഉരയാതിരിക്കാൻ പൈപ്പിടൽ പോലുള്ള മാർഗങ്ങൾ സ്വീകരിച്ചിരുന്നില്ലെന്നും പറയുന്നു.
ഇതിനു പുറമെ, വൈദ്യുതക്കമ്പി കിടന്ന തോട്ടിൽ വെള്ളം കുടിക്കാനെത്തിയ മരപ്പട്ടിയെയും ചത്തനിലയിൽ കണ്ടെത്തിയിട്ടുണ്ട്. കെ.എസ്.ഇ.ബി. അധികൃതരും പോലീസുംകൂടി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കു മാറ്റി. ഭാര്യ: ഷീജ. മക്കൾ: പൊന്നൂസ്, അഞ്ജന, അഞ്ജിത.
Discussion about this post