കൊച്ചി: പ്രായത്തെ തോല്‍പ്പിച്ചും ചായക്കടയിലെ വരുമാനം കൊണ്ട് നൂറിലേറെ രാജ്യങ്ങള്‍ ചുറ്റിക്കറങ്ങിയവരാണ് വിജയനും ഭാര്യ മോഹനയും. അതുപോലെ 61 കാരിയായ മോളി ജോയിയും ഇഷ്ടപ്പെട്ട രാജ്യങ്ങള്‍ ചുറ്റിക്കറങ്ങുകയാണ്.
സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഒരു സ്റ്റഡി ടൂറു പോലും പോയിട്ടില്ല, പക്ഷേ 61 കാരിയായ മോളി ജോയി കഴിഞ്ഞ പത്തു വര്‍ഷത്തിനകം ചുറ്റിയടിച്ചത് 11 രാജ്യങ്ങളാണ്. ചെലവു വന്നതു പത്തു ലക്ഷം രൂപയില്‍ താഴെ മാത്രം. ഇരുമ്പനം ചിത്രപ്പുഴ സ്വദേശിനി മോളി ജോയി പലചരക്കു കട നടത്തുകയാണ്. ഇവിടെ നിന്നുള്ള വരുമാനം കൊണ്ടാണ് ലോക സഞ്ചാരം. മനസ്സില്‍ യാത്രകളോടുള്ള ആഗ്രഹം നിറഞ്ഞപ്പോള്‍ പൈസയൊക്കെ തനിയെ വരികയായിരുന്നെന്നു മോളി പറയുന്നു.
2012 ല്‍ 51 ാം വയസ്സിലായിരുന്നു ആദ്യ യാത്ര. പിന്നെ തുടര്‍ യാത്രകളായി. തിരുവാങ്കുളത്താണ് ജനിച്ചു വളര്‍ന്നതെങ്കിലും ചിത്രപ്പുഴ ഓലിപ്പുറത്തു ജോയിയെ വിവാഹം കഴിച്ചു വന്നതോടെ സ്വന്തം നാട് അതായി.
2004ല്‍ 46കാരനായ ഭര്‍ത്താവ് ജോയി മരിക്കുമ്പോള്‍, മോളിക്ക് പ്രായം 42. മക്കളായ ജോഷിക്ക് 20ഉം ജിഷയ്ക്ക് 18മായിരുന്നു പ്രായം. പകച്ചുപോയ മോളിക്ക് തുണയായത് ജോയി 1996ല്‍ വീടിനോട് ചേര്‍ന്ന് തുടങ്ങിയ കൊച്ചു പലചരക്കുകട. കട മെച്ചപ്പെടുത്തിയതോടെ കച്ചവടം കൂടി.
2012ല്‍ അയല്‍ക്കാരിയും റിട്ട.സര്‍ക്കാര്‍ ഉദ്യോഗസ്ഥയുമായ മേരിയാണ് ആദ്യ വിദേശയാത്രയ്ക്ക് ക്ഷണിച്ചത്. യാത്രാ സംഘത്തോടൊപ്പം 10 ദിവസം ഇറ്റലി, ഫ്രാന്‍സ്, വത്തിക്കാന്‍, സ്വിറ്റ്സര്‍ലാന്‍ഡ്, ജര്‍മ്മനി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. ഒന്നേകാല്‍ ലക്ഷം രൂപ ചെലവായി.
അഞ്ചു വര്‍ഷം മിച്ചം പിടിച്ച തുകയുമായി 2017ല്‍ രണ്ടാം യാത്രപോയത് സിംഗപ്പൂരിലേക്കും മലേഷ്യയിലേക്കുമായിരുന്നു. തൊട്ടടുത്ത വര്‍ഷം ഉത്തരേന്ത്യയിലേക്ക് വച്ചു പിടിച്ചു. ഡല്‍ഹിയും രാജസ്ഥാനും ഉത്തര്‍പ്രദേശും കണ്ടു മടങ്ങി.
2019ല്‍ യൂറോപ്പിലേക്ക്. 15 ദിവസംകൊണ്ട് ബ്രിട്ടന്, നെതര്‍ലന്‍ഡ്സ്, ബെല്‍ജിയം, ജര്‍മ്മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ കറങ്ങി. ആംസ്റ്റര്‍ഡാമില്‍ നിന്ന് റോമിലേക്കുള്ള അത്യാഡംബര കപ്പല്‍ യാത്രയാണ് ഏറ്റവും ആകര്‍ഷിച്ചത്.
കഴിഞ്ഞ വര്‍ഷം നവംബറില്‍ അമേരിക്കയിലേക്കായിരുന്നു യാത്ര. ന്യൂയോര്‍ക്ക്, വാഷിംഗ്ടണ്‍, ഫിലാഡല്‍ഫിയ, പെന്‍സില്‍വേനിയ, ന്യൂജഴ്സി നഗരങ്ങള്‍ സന്ദര്‍ശിച്ചു. ഇതുവരെ യാത്രകള്‍ക്ക് 10 ലക്ഷത്തിലേറെ രൂപ ചെലവായി. ഇംഗ്ലീഷ് വശമുള്ളത് യാത്രയ്ക്ക് തുണയായി.
Discussion about this post