മന്ത്രി വീണാ ജോര്‍ജ്ജിന്റെ അശ്ലീല വീഡിയോ നിര്‍മ്മിക്കാന്‍ ശ്രമം: ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍

കൊച്ചി: മന്ത്രി വീണാ ജോര്‍ജ്ജിന്റെ വ്യാജ ലൈംഗിക വീഡിയോ നിര്‍മിക്കാന്‍ നിര്‍ബന്ധിച്ചെന്ന പരാതിയില്‍ ക്രൈം വാരികയുടെ എഡിറ്റര്‍ ടിപി നന്ദകുമാര്‍ അറസ്റ്റില്‍.

മന്ത്രി വീണാ ജോര്‍ജിന്റെ വ്യാജ വിഡിയോ നിര്‍മിക്കുന്നതിനു നിര്‍ബന്ധിച്ചെന്നും നിഷേധിച്ചപ്പോള്‍ മാനസികമായി പീഡിപ്പിച്ചെന്നും കാണിച്ച് നന്ദകുമാറിന്റെ മുന്‍ ജീവനക്കാരി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. കേസില്‍, എറണാകുളം കാക്കനാട് ഇന്‍ഫോപാര്‍ക്ക് പോലീസ് ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയ ശേഷം അറസ്റ്റു ചെയ്യുകയായിരുന്നു.

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. ഐപിസി സെക്ഷന്‍ 506, 509 വകുപ്പ് പ്രകാരവും എസ്സി/എസ്ടി ആക്ട് പ്രകാരവുമാണ് അറസ്റ്റ്. ഇയാളുടെ ഓഫിസില്‍ റെയ്ഡ് നടക്കുകയാണ്. സ്ത്രീയെ അപമാനിക്കല്‍, സ്ത്രീയെ പരസ്യമായ സ്ഥലത്ത് വച്ച് ചീത്ത വിളിക്കല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ലൈംഗിക ചുവയോടെ സംസാരിച്ചതിനും കേസെടുത്തിട്ടുണ്ട്.

അശ്ലീല വീഡിയോ നിര്‍മ്മിക്കാന്‍ കൂട്ട് നില്‍ക്കാന്‍ തന്നെ നിര്‍ബന്ധിച്ചെന്നും നിരസിച്ചതോടെ മാനസികമായി പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ പരാതി. ഇതേത്തുടര്‍ന്ന് ജോലി വിടേണ്ടി വന്നെന്നും കാക്കനാട് സ്വദേശിയായ യുവതി പറയുന്നു.

Exit mobile version