കാക്കനാട്: ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഇടവഴികളിലൂടെ തമിഴ്നാട്ടിൽ നിന്ന് അമിതഭാരം കയറ്റി കൽക്കരിയുമായി വന്ന ലോറികൾ മോട്ടോർ വാഹനവകുപ്പ് പിടികൂടി. തമിഴ്നാട് തുത്തുക്കൂടിയിൽനിന്ന് ലോഡുമായി ഏലൂരിലെ സ്വകാര്യ കമ്പനിയിലേക്ക് എത്തിയ അഞ്ചുലോറികളാണ് പിടിയിലായത്. അഞ്ചു ലോറികളിലുമായി 13 ടൺ കൽക്കരിയാണ് അധികമായി ഉണ്ടായിരുന്നത്.
രഹസ്യവിവരത്തെ തുടർന്നാണ് ഏലൂരിൽ പാഞ്ഞെത്തിയ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ എത്തിയത്. എന്നാൽ ഉദ്യോഗസ്ഥരെ കണ്ടപ്പാടെ ലോറിയിലുണ്ടായിരുന്ന ഡ്രൈവർമാർ താക്കോൽ പോലും ഊരിയെടുക്കാതെ ചരക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. തൊട്ടുപിന്നാലെ എറണാകുളം എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. ജി. അനന്തകൃഷ്ണൻ സ്ഥലത്തെത്തി വണ്ടി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വണ്ടിയോടിക്കാൻ ഡ്രൈവറെ കിട്ടാത്തതിനാൽ അമിതഭാരം കണക്കാക്കാനായി എൻഫോഴ്സുമെന്റ് ആർടിഒയും മറ്റ് ഉദ്യോഗസ്ഥരും ഡ്രൈവറായി. സമീപത്തെ വെയ് ബ്രിഡ്ജിൽ എത്തിച്ച് തൂക്കി നോക്കിയപ്പോഴാണ് അമിതഭാരം കണ്ടെത്തിയത്. എന്നാൽ, വണ്ടി സ്ഥലത്തുനിന്ന് കൊണ്ടുപോയതറിഞ്ഞ് ഓടി രക്ഷപ്പെട്ട ഡ്രൈവർമാർ ആർ.ടി.ഒ. മുമ്പാകെ ഹാജരായി.
വാഹനങ്ങളുടെ രേഖകൾ എല്ലാം കൃത്യമാണെങ്കിലും അമിതഭാരം കയറ്റിയതിന് പിഴ അടച്ചാൽ വാഹനം വിട്ടുനൽകാമെന്ന് ആർ.ടി.ഒ. അറിയിക്കുകയും ചെയ്തു. 75,000 രൂപ പിഴയൊടുക്കിയെങ്കിലും ഉദ്യോസ്ഥരെ കണ്ട് ഓടിയൊളിക്കാൻ ശ്രമിച്ചതിന് താക്കീത് നൽകിയാണ് ആർ.ടി.ഒ. വാഹനംവിട്ടുനൽകിയത്. ഏലൂരിലെ ആളൊഴിഞ്ഞ സ്ഥലത്ത് നിർത്തിയിട്ടിരുന്ന ലോറികൾ വെള്ളിയാഴ്ച കമ്പനിയിലേക്ക് കയറ്റാനായിരുന്നു ഡ്രൈവർമാരുടെ പദ്ധതി.
ഇനിയും നിയമലംഘനം ആവർത്തിച്ചാൽ വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതടക്കമുള്ള കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് ആർ.ടി.ഒ. മുന്നറിയിപ്പ് നൽകുകയും ചെയ്തു.
Discussion about this post