പൊന്നാനി: കേരളത്തിലെ ആദ്യത്തെ മെട്രോയ്ക്ക് വെള്ളിയാഴ്ച അഞ്ച് വയസ്സ് തികയുന്ന വേളയിൽ പോരായ്മകളെ കുറിച്ചും മെട്രോയുടെ ഭാവിയെ കുറിച്ചും മനസ് തുറന്ന് രംഗത്ത് വന്നിരിക്കുകയാണ് മെട്രോമാൻ ഇ ശ്രീധരൻ. നിരക്ക് കുറച്ചാലേ യാത്രക്കാർ വരൂ കൂടുതൽ യാത്രക്കാരില്ലാത്തതാണ് മെട്രോ നഷ്ടത്തിലാവാനുള്ള പ്രധാന കാരണമെന്ന് ശ്രീധരൻ പറയുന്നു.
ടിക്കറ്റ് നിരക്ക് കുറച്ചാലേ കൂടുതൽ യാത്രക്കാർ വരൂ. ബസ് നിരക്കിന്റെ ഒന്നര മടങ്ങിനെക്കാൾ അധികരിക്കരുത് മെട്രോ നിരക്ക്. എന്നാൽ, ഇപ്പോൾ രണ്ടും മൂന്നും ഇരട്ടിയാണെന്നും ശ്രീധരൻ വ്യക്തമാക്കി. കൂടാതെ സ്റ്റേഷനിലെ പല ഡ്യൂട്ടികളും കുടുംബശ്രീക്ക് കൈമാറിയത് വിഡ്ഢിത്തമാണെന്നും അദ്ദേഹം തുറന്നടിച്ചു.
ഇ ശ്രീധരന്റെ വാക്കുകൾ;
ടിക്കറ്റിതര വരുമാനം കൂട്ടണം, ചെലവ് കുറയ്ക്കണം ടിക്കറ്റിതര വരുമാനം കൂട്ടണം. എങ്കിലേ പിടിച്ചുനിൽക്കാനാവൂ. ഡൽഹി മെട്രോയിൽ മറ്റു വരുമാനം ടിക്കറ്റ് വരുമാനത്തിന്റെ 25 ശതമാനമായിരുന്നു. ചെലവ് കുറയ്ക്കാനും നടപടി വേണം. 24 വലിയ സ്റ്റേഷനുകളാണ് പണിതിട്ടുള്ളത്. ഡി.എം.ആർ.സി. ഇതിനെതിരായിരുന്നു. സ്റ്റേഷനിലെ പല ഡ്യൂട്ടികളും കുടുംബശ്രീക്ക് കൈമാറിയതും വിഡ്ഢിത്തമാണ്. ജീവനക്കാരുടെ അധികച്ചെലവ്, അധിക വൈദ്യുതി ചാർജ് തുടങ്ങിയവ ഉൾപ്പെടെ കുറച്ചുകൊണ്ടുവരണം.
രണ്ടാം ഘട്ടം നേരത്തേ തുടങ്ങണമായിരുന്നു കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽനിന്ന് കാക്കനാട് വരെയുള്ള മെട്രോയുടെ രണ്ടാം ഘട്ടം നേരത്തേ തുടങ്ങേണ്ടിയിരുന്നു. കാക്കനാട് വരെ നീട്ടിയാൽ ധാരാളം യാത്രക്കാരെ കിട്ടും. ഇപ്പോൾ തുടങ്ങിയാലും നാലഞ്ച് വർഷമെടുക്കും പൂർത്തിയാകാൻ. ഒന്നാം ഘട്ടം പൂർത്തിയാകുന്ന മുറയ്ക്ക് രണ്ടാം ഘട്ടം ആരംഭിക്കുകയാണ് എല്ലായിടത്തും പതിവ്. ഇവിടെ അതുണ്ടായില്ല. അനുമതി കിട്ടിയില്ല എന്ന് പറഞ്ഞിരിക്കുന്നതിൽ അർഥമില്ല.
പേട്ട-എസ്.എൻ. ജങ്ഷൻ-തൃപ്പൂണിത്തുറ വരെയുള്ള പാത നീട്ടൽ ഡി.എം.ആർ.സി.ക്ക് നൽകിയിരുന്നെങ്കിലും പിന്നീട് ഒഴിവാക്കിയതാണ് ഇവിടേയ്ക്ക് മെട്രോ നീട്ടുന്നത് വൈകാനിടയാക്കിയത്. ചീത്തപ്പേരില്ല, ശ്രദ്ധക്കുറവുണ്ടായി പത്തടിപ്പാലത്ത് തൂണിന് ബലക്ഷയമുണ്ടായത് ചീത്തപ്പേരുണ്ടാക്കിയിട്ടില്ല. ശ്രദ്ധക്കുറവ് സംഭവിച്ചിട്ടുണ്ട്. എന്തുകൊണ്ട് സംഭവിച്ചു എന്നത് അതിനു നിയോഗിച്ച സമിതി പരിശോധിച്ചു വരികയാണ്. ബലപ്പെടുത്തുന്ന ജോലികൾ അവസാന ഘട്ടത്തിലാണ്.
Discussion about this post