കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനു നേരെ വിമാനത്തിൽ പ്രതിഷേധിച്ച സംഭവത്തിൽ പ്രതിയായ ഫർസീൻ മജീദിനെ സർവീസിൽ നിന്ന് നീക്കം ചെയ്യും. ഇതിനായുള്ള നടപടികൾ ആരംഭിച്ചു. കേസിൽ റിമാൻഡിൽ കഴിയുകയാണ് ഫർസീൻ മജീദ്. മുട്ടന്നൂർ യുപി സ്‌കൂൾ അധ്യാപകനായ ഇയാൾ ഇപ്പോൾ സസ്‌പെൻഷനിലാണ്.
അധ്യാപകർക്കുള്ള യോഗ്യതാപരീക്ഷയായ കെ-ടെറ്റ് (കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ്) ഇദ്ദേഹം പാസായിട്ടില്ലെന്നും പ്രൊബേഷൻ കാലാവധി കഴിഞ്ഞിട്ടില്ലെന്നുമുള്ള റിപ്പോർട്ട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിച്ചു. പിന്നാലെയാണ് സർവീസിൽ നിന്നും നീക്കം ചെയ്യാൻ നടപടികൾ കൈകൊള്ളുന്നത്. ഇദ്ദേഹമുൾപ്പെട്ട വിവിധ മുൻകാല കേസുകളുടെ വിശദാംശങ്ങൾ ശേഖരിച്ചുവരികയാണെന്ന് മട്ടന്നൂർ പോലീസ് പറയുന്നു.
അധ്യാപകനെ സ്‌കൂളിൽനിന്ന് പിരിച്ചുവിടാൻ ഒരുങ്ങുകയാണ് മാനേജ്‌മെന്റ്. വിദ്യാഭ്യാസവകുപ്പിൽനിന്നുള്ള നിർദേശമനുസരിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് മാനേജ്‌മെന്റ് കൂട്ടിച്ചേർത്തു. ടി.ടി.സി. യോഗ്യതയുള്ള ഫർസീൻ മജീദ് 2019 ജൂൺ ആറിനാണ് സ്‌കൂളിൽ അധ്യാപകനായി ചേർന്നത്. കോവിഡ് കാരണം 2019, 2020 വർഷങ്ങളിൽ അധ്യാപകരായി ചേർന്നവർക്ക് വിദ്യാഭ്യാസ വകുപ്പ് ടെസ്റ്റ് നടത്തിയിരുന്നില്ല. അതിനാൽ 2021 മാർച്ച് 16-നാണ് ഇദ്ദേഹത്തിന്റെ നിയമനത്തിന് അംഗീകാരം ലഭിച്ചത്. എന്നാൽ 2022 മാർച്ച് 15-നുമുൻപ് കെ-ടെറ്റ് പാസാകാത്തതിനാൽ ഇദ്ദേഹത്തിന്റെ പ്രൊബേഷൻ പ്രഖ്യാപിച്ചിട്ടില്ല.
Discussion about this post