വെള്ളിക്കോത്ത്: രാജസ്ഥാനിൽ നിന്നെത്തിയ കുടുംബത്തിൽ പുറന്ന ഖുഷിക്ക് മാതൃഭാഷ രാജസ്ഥാനിയാണെങ്കിലും മലയാളത്തോടാണ് കൂടുതൽ സ്‌നേഹം. കുട്ടിക്കാലം തൊട്ട് പഠിച്ചത് മലയാളം മീഡിയത്തിൽ ആയതിനാൽ തന്നെ മലയാളം അധ്യാപികയാകണമെന്നാണ് പ്ലസ് വൺ അഡ്മിഷനായി കാത്തിരിക്കുന്ന വിദ്യാർത്ഥിനിയുടെ ആഗ്രഹം.
കേരളത്തിൽ ഇത്തവണയുണ്ടായ റെക്കോർഡ് വിജയത്തിന്റെ ഭാഗമാണ് ഖുഷിയും. പത്താംതരം പരീക്ഷയെഴുതി മികച്ചവിജയം നേടാനായതിന്റെ സന്തോഷത്തിലാണ് വെള്ളിക്കോത്തെ ഖുഷി മുകേഷ്.
സ്വന്തമായി ഒരു വീട് വേണമെന്നാണ് കുട്ടിക്കാലം തൊട്ടേ ഖുഷിയുടേയും അമ്മയുടേയും സഹോദരങ്ങളുടേയുമെല്ലാം ആഗ്രഹം. പ്രതിസന്ധികളോട് പോരാടി മോശമല്ലാത്ത വിജയത്തിലെത്താൻ കഴിഞ്ഞത് തന്നെ ഖുഷിക്ക് വലിയ നേട്ടമാണ്.
രണ്ട് പതിറ്റാണ്ട് മുൻപാണ് ഖുഷിയുടെ കുടുബം കാസർകോട്ടെ കാഞ്ഞങ്ങാട്ടെത്തുന്നത്. അച്ഛൻ മുകേഷ് വർമ തിരക്കുള്ള ഒരു മാർബിൾ തൊഴിലാളിയായിരുന്നു. ഖുഷിയും സഹോദരങ്ങളും ജനിച്ചുവളർന്നതും ഇതുവരെയുള്ള പഠനവും ഇവിടെതന്നെ. വീട്ടുകാർ തമ്മിലുള്ള സംസാരത്തിൽ മാത്രമാണ് ഈ വീട്ടിൽ ഹിന്ദി കേൾക്കുക. അല്ലാത്ത സമയങ്ങളിലെല്ലാം നല്ല മലയാളികൾ തന്നെയാണ് ഖുഷിയും സഹോദരങ്ങളും.
അസുഖ ചികിത്സയ്ക്കായി മൂന്നുവർഷം മുൻപ് രാജസ്ഥാനിലേക്ക് പോയ അച്ഛൻ മുകേഷ് ശർമ പിന്നീട് തിരിച്ചെത്തിയില്ല. ഇതോടെ അമ്മ പൂജാ വർമ തയ്യൽജോലിയും മറ്റും ചെയ്താണ് കുടുംബത്തെ പോറ്റുന്നത്. വീട്ടുചെലവും പറക്കമുറ്റാത്ത ഏഴുകുട്ടികളുടെ പഠനവും നടത്താൻ ഇവർ ഏറെ പ്രയാസപ്പെടുന്നുണ്ട്.
ഇതിനിടെകുടുംബത്തിന്റെ കഷ്ടപ്പാട് അറിഞ്ഞ് സാമൂഹിക-സന്നദ്ധപ്രവർത്തകരുടെ സഹായവുമുണ്ടായി. ഇവരെ സംബന്ധിച്ച് മക്കളുടെ തുടർപഠനം ചെലവേറിയതാണെങ്കിലും ഒരുവഴി തുറക്കുമെന്ന് തന്നെയാണ് ഖുഷിയുടെയും അമ്മ പൂജാ വർമയുടെയും പ്രതീക്ഷ.