വളാഞ്ചേരി: ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പരീക്ഷ എഴുതിയ 99.24 ശതമാനം കുട്ടികളും തുടർ പഠനത്തിന് യോഗ്യത നേടി. എന്നാൽ പത്താം ക്ലാസ് പരീക്ഷയിൽ പരാജയം നുണഞ്ഞവരേയും നമ്മൾ പരിഗണിക്കേണ്ടതുണ്ട്. പലകാരണങ്ങളാൽ മാർക്ക് കുറഞ്ഞ് തുടർപഠനത്തിന് യോഗ്യത നഷ്ടപ്പെട്ടവരെ നിരാശ ബാധിക്കാനും സാധ്യതയുണ്ട്.
എന്നാൽ തോൽവിയാണ് ഫലമെന്ന് അറിഞ്ഞ് കുട്ടികൾ വിഷമിക്കേണ്ട, വിനോദയാത്രയ്ക്കായി ബാഗ് പായ്ക്ക് ചെയ്‌തോളൂ എന്നാണ് മലപ്പുറം ജില്ലയിലെ മാറാക്കര പഞ്ചായത്ത് പറയുന്നത്. പഞ്ചായത്തിലെ എസ്എൽസി പരാജയപ്പെട്ട വിദ്യാർത്ഥികൾക്കായി വിനോദയാത്രയും ഗെയിമും എല്ലാം സംഘടിപ്പിക്കുകയാണ് പഞ്ചായത്ത് അധികൃതർ.
‘ജയിക്കാനായി തോറ്റവർക്കൊപ്പം’ എന്ന പേരിലാണ് മാറാക്കര പഞ്ചായത്തിന്റെ പദ്ധതി. എസ്എസ്എൽസി പരീക്ഷയിൽ പരാജയപ്പെട്ട വിദ്യാർത്ഥികൾക്കായി മാത്രമാണ് ഈ വിനോദയാത്ര സംഘടിപ്പിക്കുന്നത്. വളാഞ്ചേരിക്ക് അടുത്തിള്ള ഫ്‌ളോറ ഫന്റാസിയ വാട്ടർതീം പാർക്കിലേക്കാണ് ഒരു ദിവസത്തെ വിനോദയാത്ര സംഘടിപ്പിച്ചിരിക്കുന്നത്. കൂടാതെ കുട്ടികൾക്ക് മനഃശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ കൗൺസലിങ് നൽകും. മാനസികപിരിമുറുക്കവും നിരാശാബോധവും കുറയ്ക്കാൻ പ്രത്യേക ഗെയിമുകളും കുട്ടികൾക്കായി ഒരുക്കുന്നുണ്ട്. കൂടാതെ പരാജയപ്പെട്ട വിഷയം പഠിച്ചെടുക്കാൻ പ്രത്യേക ക്ലാസുകളും സംഘടിപ്പിക്കും.
പഞ്ചായത്തിലെ വാർഡ് അംഗങ്ങളുടെ നേതൃത്വത്തിലാണ് കുട്ടികൾ ആരൊക്കെയെന്ന് കണ്ടെത്തുക. കുട്ടികളുടെ പേര് വിവരങ്ങൾ ഒന്നും പരസ്യപ്പെടുത്തില്ല. പരിപാടിയുടെ ചിത്രങ്ങളും പുറത്തുവിടില്ലെന്ന് പഞ്ചായത്ത് ഉറപ്പുനൽകുന്നു. സജ്‌ന ടീച്ചർ പഞ്ചായത്ത് പ്രസിഡന്റ് ആയിട്ടുള്ള മാറാക്കരയിൽ 20 വാർഡുകളാണ് ഉള്ളത്. മാറാക്കര പഞ്ചായത്തിലുള്ള കുട്ടികൾക്കു മാത്രമാണ് ഈ വിനോദയാത്രയിൽ പഹ്‌കെടുക്കാൻ അവസരം.