കൊട്ടാരക്കര: യോഗി ആദിത്യനാഥിന്റെ നാടായ ഗോരഖ്പുരില്‍ നിന്ന് എത്തിയ
വിദ്യാര്‍ഥിയ്ക്ക് കേരളത്തില് പത്താം ക്ലാസ്സ് പരീക്ഷയില്‍ മിന്നുന്ന വിജയം. ഉത്തര്‍പ്രദേശ് സ്വദേശിയായ കുല്‍ദീപ് യാദവാണ് എല്ലാ വിഷയത്തിനും എ പ്ലസ് നേടി സ്റ്റാര്‍ ആയിരിക്കുന്നത്.
നെടുവത്തൂര്‍ ഇവിഎച്ച്എസ്എസിലെ വിദ്യാര്‍ഥിയാണ് കുല്‍ദീപ് യാദവ്. നെടുവത്തൂര്‍ ചാലൂക്കോണത്ത് വാടകവീട്ടില്‍ കഴിയുന്ന രാം കിരണിന്റെയും സബിതയുടെയും മകനാണ്.
സബിത കശുവണ്ടി ഫാക്ടറി തൊഴിലാളിയും രാംകിരണ്‍ നിര്‍മാണത്തൊഴിലാളിയുമാണ്. പത്തുവര്‍ഷം മുമ്പാണ് ഇവര്‍ ഉത്തര്‍പ്രദേശില്‍നിന്നു തൊഴില്‍ തേടി കേരളത്തിലെത്തിയത്.
മൂന്നുവര്‍ഷമായി ഇ.വി.എച്ച്.എസ്.എസ്സിലെ വിദ്യാര്‍ഥിയാണ് കുല്‍ദീപ്. വള്ളികളും പുള്ളികളും വലയ്ക്കുന്ന മലയാളമാണ് തന്നെ ഏറെ വലച്ചതെന്ന് കുല്‍ദീപ് പറയുന്നു. എങ്കിലും മലയാളത്തിലും എപ്ലസ് തന്നെ നേടിയിരിക്കുകയാണ് ഈ മിടുക്കന്‍.
സഹോദരി അനാമിക ഇ.വി.എച്ച്.എസ്.സ്‌കൂളിലെ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിയാണ്. ചോര്‍ന്നൊലിക്കുന്ന പഴയ വാടകവീട്ടിലെ പരിമിത സാഹചര്യങ്ങളോട് പൊരുതിയാണ് കുല്‍ദീപ് മികച്ച വിജയം സ്വന്തമാക്കിയത്. കുല്‍ദീപിന്റെ വിജയമറിഞ്ഞ് നാട്ടുകാരും അയല്‍വാസികളും സുഹൃത്തുക്കളുമെല്ലാം എത്തുമ്പോഴും അച്ഛന്‍ രാംകിരണ്‍ ജോലി സ്ഥലത്തായിരുന്നു.