കൊച്ചി: പഠനകാലഘട്ടത്തിലെ ആദ്യത്തെ ടേണിംഗ് പോയിന്റാണ്
എസ്എസ്എല്‍സി പരീക്ഷ. അതുകൊണ്ട് തന്നെ ഏറെ സമ്മര്‍ദ്ദവും പേടിയും വിദ്യാര്‍ഥികള്‍ അനുഭവിക്കുന്നു. പണ്ടൊക്കെ എസ്എസ്എല്‍സി എന്ന കടമ്പ കടന്നാല്‍ മാത്രം മതിയായിരുന്നു, എന്നാല്‍ ഇന്ന് എ പ്ലസ്സുകള്‍ക്ക് വേണ്ടിയുള്ള മത്സരമാണ്. എ പ്ലസ് ഇല്ലെങ്കില്‍ പിന്നെ ജീവിതം തീര്‍ന്നുഎന്നാണ് സാമൂഹിക സാഹചര്യങ്ങള്‍ പഠിപ്പിക്കുന്നത്.
എസ്എസ്എല്‍സി ഫലം വന്നതോടെ സോഷ്യല്‍ ലോകത്ത് ആഘോഷമാണ് മാര്‍ക്ക് ലിസ്റ്റ് പങ്കുവച്ച്, എ പ്ലസ്സുകള്‍ എണ്ണിപ്പറഞ്ഞ് അങ്ങനെ. എ പ്ലസ്സുകള്‍ നേടാത്തവര്‍ കൊള്ളാത്തവരല്ല, മറിച്ച് അവരും അഭിനന്ദനം അര്‍ഹിക്കുന്നവരാണ്. പരീക്ഷയെ അഭിമുഖീകരിച്ച് ജയിച്ച് ഇരിക്കുന്നവര്‍ തന്നെയാണ്. പ്ലസ്സുകളുടെ തിളക്കം കൂടുതലുള്ളവരെ മാത്രം അഭിനന്ദിക്കുമ്പോള്‍ കുറഞ്ഞുപോയവരുടെ ഉള്ള് നോവുക തന്നെ ചെയ്യും.
അതേസമയം, തന്റെ പത്താം ക്ലാസ് മാര്‍ക്ക് ലിസ്റ്റ് പങ്കുവച്ചിരിക്കുകയാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ.ജോ ജോസഫ്.
210 മാര്‍ക്ക് എന്ന കടമ്പ കടക്കുക എന്നതായിരുന്നു ഞങ്ങളുടെ തലമുറയുടെ ജീവിത ലക്ഷ്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്. എസ്എസ്എല്‍സി ഫലപ്രഖ്യാപനം എന്നുമൊരു നൊസ്റ്റാള്‍ജിയയാണെന്നും ജോ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു.
തന്റെ എസ്എസ്എല്‍സി ഫലം വന്നു 28 വര്‍ഷത്തിനുശേഷം വിലയിരുത്തില്‍ പിന്നീടങ്ങോട്ട് ‘മുമ്പന്മാര്‍ പലരും പിമ്പന്മാരായി, പിമ്പന്മാര്‍ പലരും മുമ്പന്മാരായി’. അന്നൊക്കെ മെയ് മാസം അവസാനത്തെ ആഴ്ചയിലെ ആ ഫലപ്രഖ്യാപനത്തിന്റെ അലയൊലികള്‍ പത്രത്താളുകളില്‍ ഏതാനും ദിവസത്തേക്ക് ഉണ്ടാകും. ആ നൊസ്റ്റാള്‍ജിയ മൂലമാണ് താനും എസ്എസ്എല്‍സി ബുക്ക് ഒന്ന് പരതി നോക്കിയതെന്നും രസകരമായ ഓര്‍മ്മ പങ്കുവച്ച് ജോ ജോസഫ് പറയുന്നു.
സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട പരീക്ഷയായ എസ്.എസ്.എല്‍.സി യുടെ ഫലം പുറത്തുവന്നപ്പോള്‍ 99.26% കുട്ടികളും ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. കോവിഡ് കാലഘട്ടമായിരുന്നിട്ടും പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയുമെല്ലാം തരണം ചെയ്തു ഉന്നതവിദ്യാഭ്യാസം നേടിയ കുട്ടികള്‍ക്കും അവരെ സഹായിച്ച അധ്യാപക-അനധ്യാപക സുഹൃത്തുക്കള്‍ക്കും പിന്തുണയുമായി കൂടെനിന്ന മാതാപിതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും അഭിനന്ദനങ്ങള്‍.
എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം എന്നുമൊരു നൊസ്റ്റാള്‍ജിയയാണ്.
210 മാര്‍ക്ക് എന്ന കടമ്പ കടക്കുക എന്നതായിരുന്നു ഞങ്ങളുടെ തലമുറയുടെ ജീവിത ലക്ഷ്യങ്ങള്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന്.
അന്നൊക്കെ മെയ്മാസം അവസാനത്തെ ആഴ്ചയിലെ ആ ഫലപ്രഖ്യാപനത്തിന്റെ അലയൊലികള്‍ പത്രത്താളുകളില്‍ ഏതാനും ദിവസത്തേക്ക് ഉണ്ടാകും.
ആ നൊസ്റ്റാള്‍ജിയ മൂലം ഞാനും എന്റെ എസ്.എസ്.എല്‍.സി ബുക്ക് ഒന്ന് പരതി നോക്കി.
എന്റെ എസ്.എസ്.എല്‍.സി ഫലം വന്നു 28 വര്‍ഷത്തിനുശേഷം വിലയിരുത്തല്‍ ഇങ്ങനെ പിന്നീടങ്ങോട്ട് മുമ്പന്മാര്‍ പലരും പിമ്പന്മാരായി, പിമ്പന്മാര്‍ പലരും മുമ്പന്മാരായി.