ഇടുക്കി: ഇടുക്കി രാജകുമാരിയിൽ ഏലത്തോട്ടത്തിൽ നിന്ന് കാണാതായ മൂന്നര വയസുകാരി കുട്ടിയെ സുരക്ഷിതയായി കണ്ടെത്തി. അപകടമൊന്നും കൂടാതെ ആരോഗ്യവതിയായി തന്നെയാണ് കുട്ടിയെ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. തോട്ടെ തൊഴിലാളികളായ മധ്യപ്രദേശ് സ്വദേശികളായ ലക്ഷ്മൺ – ജ്യോതി ദമ്പതികളുടെ മകൾ ജെസീക്കയെയാണ് കാണാതായതും ഒടുവിൽ തിരികെ ലഭിച്ചതും.
ഇവർ പണിയെടുക്കുന്ന ഏലത്തോട്ടത്തിന്റെ രണ്ട് കിലോമീറ്റർ അകലെനിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഒരു രാത്രി മുഴുവൻ ഗ്രാമവാസികളും പോലീസും ഫയർഫോഴ്‌സും നടത്തിയ തെരച്ചിലാണ് ഫലം കണ്ടത്. ഇടുക്കി രാജകുമാരി പഞ്ചായത്തിലെ ബി ഡിവിഷനിൽ നിന്ന് ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു കുട്ടിയെ കാണാതായത്.
ഈ സമയത്ത് കുട്ടിയുടെ മാതാപിതാക്കൾ ഏലത്തോട്ടത്തിൽ ജോലി ചെയ്യുകയായിരുന്നു. സമീപത്തുതന്നൊണ് കാണാതായ കുട്ടിയും മറ്റൊരു കുട്ടിയും കളിച്ചു കൊണ്ടിരുന്നത്. എന്നാൽ പൊടുന്നനെ ജെസീക്കയെ കാണാതായി.
പരിസരത്തെല്ലാം തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ സാധിച്ചില്ല. വൈകിട്ടോടെ ശാന്തൻപാറ പോലീസിൽ വിവരം ലഭിച്ചതിനെ തുടർന്ന് സിഐ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി. കുട്ടിയെ കണ്ടെത്താൻ സാധിക്കാത്തതെ വന്നതോടെ ഫയർഫോഴ്‌സും പോലീസും നാട്ടുകാരും സംഘങ്ങളായി തിരിഞ്ഞാണ് രാത്രി വൈകിയും തിരച്ചിൽ നടത്തിയത്.
പിന്നീട് ഇന്ന് രീവിലെയോടെ മൂന്നാർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ തിരച്ചിൽ പുനരാരംഭിക്കുകയായിരുന്നു. തുടർന്നാണ് കുട്ടിയെ സുരക്ഷിതമായി കണ്ടെത്തിയത്. കുട്ടിയുടെ ആരോഗ്യസ്ഥിതി സാധാരണ നിലയിലാണ്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് അഞ്ചലിലും സമാനമായ സംഭവമുണ്ടായത്. വീടിനകത്ത് നിന്നും കാണാതായ രണ്ടര വയസുകാരനെ ഒരു രാത്രി മുഴുവൻ നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. എന്നാൽ പിറ്റേന്ന് രാവിലെയോടെ വീടിന് സമീപത്ത് തന്നെയുള്ള ഉയരത്തിലുള്ള റബ്ബർ തോട്ടത്തിൽ നിന്നും കുട്ടിയെ കണ്ടെത്തിയിരുന്നു.
ആരോഗ്യപ്രശ്‌നങ്ങളോ പെരുമഴയത്ത് നനഞ്ഞ പാടുകളോ ഇല്ലാതെ കുട്ടിയെ കണ്ടെത്തിയത് നാട്ടുകാരിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. ആരോ മനഃപൂർവ്വം തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചെന്നാണ് നാട്ടുകാരുടെ സംശയം. ഈ സംഭവത്തിൽ കൊല്ലം അഞ്ചൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം നടത്തിവരികയാണ്. ഈ സംഭവത്തിന് പിന്നാലെയാണ് ഇടുക്കിയിലും സമാനമായ കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.