പാലക്കാട്: വളര്‍ന്നു വരുന്ന യുവതലമുറയ്ക്ക് മാതൃകയായി പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ ഷനൂജും പ്രഗതീഷും. ഇന്നത്തെ ജനറേഷനിലുള്ള യൂത്തമാരുടെ പോലെ ബിസിനസിലല്ല, ഇവര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കൃഷിയിലാണ്. ഏഴ് ഏക്കര്‍ വരുന്ന തോട്ടം നിറയെ ഫല വൃക്ഷങ്ങളാണ്. അതും വിവിധ രാജ്യങ്ങളില്‍ നിന്നും ശേഖരിച്ച അപൂര്‍വമായ വിത്തുകള്‍.
ഈ സ്വര്‍ഗത്തിലേക്ക് ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും കടന്നുവരാം, തുറന്ന ഗേറ്റുകള്‍ എപ്പോഴും സ്വാഗതം ചെയ്യുന്നു. തോട്ടം കാണുവാനും കൃഷിരീതികള്‍ പഠിക്കാനുമായി എത്തുന്നത് വിദേശികളടക്കം നിരവധിപേരാണ്. എന്നാല്‍ തോട്ടത്തില്‍ ഉണ്ടാകുന്ന കായ്കനികള്‍ വിപണിയില്‍ വില്‍ക്കുന്ന പതിവ് ഇവിടില്ല. പകരം വൃക്ഷ തൈകളുടെ വില്‍പ്പനയാണ് നടക്കുന്നത്. അതില്‍ നിന്നും നല്ല വരുമാനം ലഭിക്കുന്നതായി യുവാക്കള്‍ പറയുന്നു.
കൃഷിയെ ജീവന് തുല്യം സ്‌നേഹിക്കുന്ന പ്രഗീത് എന്ന 19കാരന് ശാസ്ത്രീയ രീതികളെല്ലാം മനപ്പാഠമാണ്. ഇപ്പോള്‍ കോയമ്പത്തൂരില്‍ ബയോടെക്‌നോളജി വിദ്യാര്‍ത്ഥിയായ പ്രഗതീഷ് പഠനത്തിനിടയിലും തോട്ടത്തില്‍ സജീവമാണ്. പാലക്കാടിന്റെ കാലാവസ്ഥക്ക് അനുയോജ്യമായ വിവിധ മാവ് ഇനങ്ങളാണ് തോട്ടത്തിന്റെ മറ്റൊരു പ്രത്യേകത.
അതേസമയം മറ്റൊരു കൂട്ടുകാരനായ ഷനൂജിന്റെ അച്ഛനാണ് വിദേശ ഫലങ്ങളുടെ കൃഷി തുടങ്ങി വെച്ചത്. പിന്നീട് ഷനൂജ് കൃഷി കൂടുതല്‍ വിപുലീകരിച്ചു. സര്‍ക്കാര്‍ ജോലി രാജി വെച്ചാണ് ഈ യുവാവ് പൂര്‍ണ്ണമായും കൃഷിയിലേക്ക് തിരിഞ്ഞത്. വെല്ലുവിളികളുണ്ടെങ്കിലും കൃഷിയുമായി മുന്നോട്ട് തന്നെയെന്ന് ഇരുവരും ഉറപ്പിച്ച് പറയുന്നു.