പുതുപ്പള്ളി: തന്റെ ഫിനാൻസ് ഡയറക്ടർ കെഇ പരമേശ്വരൻ നമ്പൂതിരിയുടെ പുതി വീടിന്റെ ഗൃഹപ്രവേശന ചടങ്ങിലേക്ക് ലുലു ഗ്രൂപ്പ് ഉടമ എംഎ യൂസഫലി ഹെലികോപ്റ്ററിൽ പറന്നെത്തിയത് കൗതുകമായി. വിഐപി പരിവേഷത്തോടെയാണ് പുതുപ്പള്ളിയിലെ ‘കുടൽമന’ എന്ന വീട്ടിലേക്ക് എംഎ യൂസഫലി കടന്നുവന്നത്. കൂടെ സഹോദരൻ അഷറഫ് അലിയും അഷ്‌റഫിന്റെ മകൻ ഫവാസും ഒപ്പമുണ്ടായിരുന്നു.
യൂസഫലിയുടെ ഫിനാൻസ് ഡയറക്ടർ കെഇ പരമേശ്വരൻ നമ്പൂതിരി പുതുപ്പള്ളി വെട്ടത്തുകവലയ്ക്കുസമീപം നിർമിച്ച വീട്ടിലേക്കാണ് യൂസഫലി എത്തിയത്. നെടുമ്പാശേരിയിൽ വിമാനമിറങ്ങി ഹെലികോപ്ടറിൽ പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്‌കൂൾ മൈതാനത്ത് വന്നിറങ്ങുകയായിരുന്നു.
അവിടെനിന്ന് കാറിലാണ് വീട്ടിലെത്തിയത്. ചടങ്ങിൽ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ലുലുഗ്രൂപ്പിലെ സീനിയർ മാനേജർമാരും പങ്കെടുത്തു. 22 വർഷമായി ലുലു ഗ്രൂപ്പിലാണ് ഹരിപ്പാട് സ്വദേശിയായ പരമേശ്വരൻ നമ്പൂതിരി ജോലി ചെയ്യുന്നത്. പരമേശ്വരൻ നമ്പൂതിരി, ഭാര്യ ആശ, മക്കളായ ഈശ്വരൻ നമ്പൂതിരി, വിഷ്ണുനമ്പൂതിരി എന്നിവർ ചേർന്ന് പൂർണകുംഭം നൽകി യൂസഫലിയെ സ്വീകരിച്ച് ആനയിച്ചു.
ഒന്നര മണിക്കൂറോളം വീട്ടിൽ ചെലവിട്ട് വിരുന്നായി ഒരുക്കിയ സദ്യയും കഴിച്ചാണ് മടങ്ങിയത്. യൂസഫലിയുടെ സൗകര്യംകൂടി കണക്കിലെടുത്താണ് റിസപ്ഷൻ നിശ്ചയിച്ചതെന്ന് പിന്നീട് വീട്ടുകാർ പറഞ്ഞു. ഹെലികോപ്ടറിൽ പറന്നെത്തിയ വിശിഷ്ടാതിഥിയെക്കാണാൻ നിരവധി നാട്ടുകാരും എത്തിയിരുന്നു.
Discussion about this post