അമ്പലപ്പുഴ: ഷീറ്റ് വലിച്ചുകെട്ടിയ തകർന്ന ഷെഡ്ഡിൽ ദുരിത ജീവിതം നയിച്ച് വൃദ്ധ ദമ്പതികൾ. ഇരുവരുടെയും അവസ്ഥ ഇപ്പോൾ നാടിനെ ഒന്നാകെ സങ്കടത്തിലാക്കിയിരിക്കുകയാണ്. അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ് ആമയിട ശാന്തമംഗലം കോളനിയിൽ കേശവൻ (73), ഭാര്യ ഭാനുമതി (65) എന്നിവരാണ് ജീർണ്ണിച്ച ഷെഡ്ഡിൽ ജീവിതം തള്ളി നീക്കുന്നത്.
ഈ ദമ്പതികൾക്ക് ഉള്ളതാകട്ടെ മൂന്ന് മക്കളും. രണ്ട് ആൺമക്കളും ഒരു മകളുമാണുള്ളത്. എന്നാൽ ഇവരാരും തങ്ങളുടെ മാതാപിതാക്കളെ തിരിഞ്ഞു പോലും നോക്കുന്നില്ലെന്നാണ് പരാതി. ഭാനുമതിക്ക് ലഭിക്കുന്ന വാർധക്യ പെൻഷൻ മാത്രമാണ് ഇവരുടെ ഏക ആശ്രയം. തകർന്നടിഞ്ഞ ഷെഡ്ഡിലാണ് ഇവർ ഭക്ഷണം പാകം ചെയ്യുന്നതും അന്തിയുറങ്ങുന്നതും. മഴ കനത്താൽ ചോർന്നൊലിക്കും. മാതാപിതാക്കളുടെ ഈ അവസ്ഥ കണ്ടിട്ടു പോലും മക്കൾ തിരിഞ്ഞു നോക്കാത്തത് വിമർശനത്തിനും വഴിവെച്ചിട്ടുണ്ട്.
ഇടയ്ക്ക് ആക്രി സാധനങ്ങൾ പെറുക്കാനും കേശവൻ പോകാറുണ്ട്. സ്വന്തമായി സ്ഥലമില്ലാത്തതിനാൽ സർക്കാരിന്റെ ലൈഫ് ആനുകൂല്യവും ഇവർക്ക് ലഭിച്ചിട്ടില്ല. മരുന്നിനും വീട്ടാവശ്യത്തിനും പോലും പണമില്ലാത്ത ഈ കുടുംബത്തിന് ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥലം വാങ്ങുകയെന്നത് സ്വപ്നം മാത്രമാണ്. പുറമ്പോക്ക് സ്ഥലമെങ്കിലും കണ്ടെത്തി ഈ വൃദ്ധ ദമ്പതികൾക്ക് സുരക്ഷിതമായ ഒരിടം ഒരുക്കാൻ അധികൃതർ തയാറാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.