മോഷ്ടാക്കൾ എടുത്തത് രണ്ട് ബിയർ കുപ്പികൾ; തലയിൽ കെട്ടിവെച്ചത് 30,000 രൂപയുടെ മോഷണം; അടൂർ ബിവറേജിലെ മദ്യമോഷണത്തിൽ തുമ്പില്ലാതെ പോലീസ്

അടൂർ: ടൗൺ ബൈപ്പാസിൽ പ്രവർത്തിക്കുന്ന കേരള ബിവറേജസ് കോർപ്പറേഷന്റെ മദ്യവിൽപ്പനശാലയിൽ നിന്നും പതിനായിരങ്ങളുടെ മദ്യം മോഷണം പോയിട്ടും തുമ്പില്ലാതെ പോലീസ്. സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടത്തി മോഷ്ടാക്കളെ പിടിച്ചെങ്കിലും രണ്ട് മദ്യക്കുപ്പി മാത്രമാണ് മോഷ്ടിച്ചതെന്നാണ് ഇവർ പറയുന്നത്. അങ്ങനെ എങ്കിൽ വിദേശമദ്യശാലയിൽനിന്നു 30,000 രൂപയുടെ മദ്യം മോഷണംപോയി എന്ന് പറയുന്നതിന് പിന്നിലെന്തെന്ന് അന്വേഷണ സംഘത്തേയും കുഴക്കുകയാണ്.

മോഷണം പോകാത്ത കുപ്പികൾ എവിടെ നിന്നാണ് കണ്ടെത്തുക എന്നാണ് പോലീസിന്റെ ഭാഷ്യം. മേയ് ആറിന് രാവിലെയാണ് മോഷണ വിവരം പുറത്തറിഞ്ഞത്. മേയ് 25-ന് അറസ്റ്റിലായ വെസ്റ്റ് ബംഗാൾ സ്വദേശികളായ സംഷാദ്, ജെഹിർ ആലം എന്നിവരെ പിടികൂടി ചോദ്യം ചെയ്തപ്പോൾ രണ്ട് ബിയർ കുപ്പികൾ കവർന്നത് ഉൾപ്പെടെയുള്ള മറ്റെല്ലാ മോഷണക്കുറ്റവും അവർ പോലീസിനോട് പറഞ്ഞു.

ബിവറേജിൽ നിന്നെടുത്ത സിസിടിവിയുടെ ഡിവിആർ, മോഡം, രണ്ട് മൊബൈൽ ഫോണുകൾ എന്നിവയെല്ലാം ഇവരുടെ പക്കൽ നിന്നും പോലീസ് കണ്ടെത്തുകയും ചെയ്തു. എന്നാൽ കുപ്പികളെ കുറിച്ച് ചോദിച്ചപ്പോൾ, രണ്ട് ബിയർ മാത്രം എടുത്തിട്ടുള്ളൂവെന്ന് പ്രതികൾ തറപ്പിച്ച് പറയുന്നു.

ALSO READ- വഴിയിൽ അവശയായി കിടന്ന കേഴമാനിനെ ചികിത്സിക്കാതെ കറിവെച്ച് തിന്ന് വനപാലകർ; സംഭവം രഹസ്യമാക്കി, ഒടുവിൽ എല്ലാം പൊളിഞ്ഞു

എന്നാൽ, ബിവറേജ് അധികൃതർ 30,000 രൂപയുടെ മദ്യക്കുപ്പികൾ പോയി എന്നും തറപ്പിച്ച് പറയുന്നതാണ് കുഴപ്പിക്കുന്നത്. മോഷ്ടാക്കൾ സഞ്ചരിച്ച പ്രദേശങ്ങളിലെ സിസിടിവി ക്യാമറകൾ പരിശോധിച്ചപ്പോൾ ഇത്രത്തോളം മദ്യക്കുപ്പികൾ കൊണ്ടുപോകുന്നതായി കാണുന്നില്ലെന്ന് പോലീസ് വിശദീകരിക്കുന്നു.

എന്നാൽ, മദ്യക്കുപ്പി മോഷണം മോഷ്ടാക്കളുടെ തലയിൽ കെട്ടിവെച്ച് അട്ടിമറി നടത്തുകയാണോ ഉദ്യോഗസ്ഥരെന്നും ചില സംശയമുണ്ട്. സംഷാദ് ബിവറേജിന് സമീപത്തെ ഹോട്ടലിൽ ജോലിചെയ്തിരുന്നതാണ്. 20 ദിവസം നീണ്ട അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പക്ഷേ, മദ്യക്കുപ്പികൾ എവിടെപ്പോയി എന്ന ചോദ്യത്തിന് ഉത്തരമില്ല.

Exit mobile version