അഗളി: നിഖിലിന്റെ കൈയ്യില്‍ പൊന്നുമകളെ കൈപിടിച്ചേല്‍പ്പിക്കാനും മകള്‍ സുമംഗലിയായി ഇറങ്ങുന്നതും കാണാതെ രാജന്. കതിര്മണ്ഡപത്തിലിരുന്നും രേഖ
ആള്‍ക്കൂട്ടത്തിനിടയില്‍ തിരഞ്ഞതും അച്ഛനെയായിരുന്നു. ഒടുവില്‍ അച്ഛന്റെ ഓര്‍മകളെ സാക്ഷിയാക്കി, സൈലന്റ് വാലിയിലെ സൈരന്ധ്രിയില്‍ കാണാതായ വനംവാച്ചര്‍ രാജന്റെ മകള്‍ രേഖ, നിഖിലിന്റെ നല്ലപാതിയായി.
കാണാതായ സൈലന്റ് വാലിയിലെ വനംവകുപ്പ് വാച്ചര്‍ രാജന്റെ മകളാണ് രേഖ. കല്ല്യാണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ മേയ് മൂന്നിനാണ് രാജനെ സൈരന്ധ്രിയില്‍ നിന്ന് കാണാതായത്. സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഭക്ഷണംകഴിഞ്ഞ് താമസസ്ഥലത്തേക്കുപോയ ഇദ്ദേഹത്തെ കാണാതായവിവരം അടുത്തദിവസമാണ് സഹപ്രവര്‍ത്തകര്‍ അറിഞ്ഞത്. വനം ജീവനക്കാര്‍ കാട്ടിലും പോലിസ് വനത്തിനുപുറത്തും നടത്തിയ പരിശോധനകളില്‍ ഒരു തുമ്പും കിട്ടിയില്ല.
മുക്കാലി ഫോറസ്റ്റ് സ്റ്റേഷന് ഡോര്‍മിറ്ററിയില്‍ ഒരുക്കിയ കതിര്‍മണ്ഡപത്തിലായിരുന്നു വിവാഹം. അച്ഛന്റെ സ്ഥാനത്ത് ചെറിയച്ഛന് സുരേഷ്ബാബു കൈപിടിച്ച് വരന് കൊടുക്കുമ്പോള്‍ രേഖയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. രാജന്റെ അഭാവത്തില്‍ സുരേഷ്ബാബുവാണ് വിവാഹകാര്യങ്ങളെല്ലാം നടത്തിയത്.
വരന്റെ വീട്ടിലേക്ക് പുറപ്പെടുംമുമ്പ് അച്ഛന് തിരിച്ചെത്തുമെന്ന് പറഞ്ഞ് രേഖ ബന്ധുക്കളെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. രാജന്റെ തിരോധാനത്തില്‍ ദുഃഖത്തിലായ കുടുംബം വളരെ ലളിതമായാണ് വിവാഹം നടത്തിയത്. നാട്ടുകാരും മുക്കാലിയിലെ വനംവകുപ്പുജീവനക്കാരും സജീവമായി കാര്യങ്ങള്‍ ഏറ്റെടുത്തുനടത്തി. മണ്ണാര്‍ക്കാട് സ്വദേശി നിഖിലാണ് രേഖയുടെ വരന്.
Discussion about this post