തൃശ്ശൂർ: പ്രണയിച്ച് വിവാഹം ചെയ്ത മുല്ലശ്ശേരി സ്വദേശിനി ശ്രുതിയെ വിവാഹം കഴിഞ്ഞ് പതിനാലാം ദിവസം ഭർതൃവീട്ടിൽമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒടുവിൽ അറസ്റ്റ്. കേസിൽ ഭർത്താവും ഭർതൃമാതാവുമാണ് അറസ്റ്റിലായിരിക്കുന്നത്. നാട്ടുകാരുടേയും ശ്രുതിയുടെ ബന്ധുക്കളുടെയും നിരന്തരമായ പ്രതിഷേധത്തിന് ഒടുവിലാണ് ശ്രുതിയുടെ ദുരൂഹമരണത്തിൽ നടപടിയുണ്ടായിരിക്കുന്നത്.
തൃശ്ശൂർ പെരിങ്ങോട്ടുകര കിഴക്കുമുറി തിരുവാണിക്കാവ് ക്ഷേത്രത്തിനടുത്ത് കരുവേലി സുകുമാരന്റെ ഭാര്യ ദ്രൗപദി (62), മകൻ അരുൺ (36) എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. മുല്ലശ്ശേരി സ്വദേശികളായ തുന്നൽത്തൊഴിലാളിയായ സുബ്രഹ്മണ്യന്റേയും ശ്രീദേവിയുടേയും ഏക മകളായ ശ്രുതി 2020 ജനുവരി ആറിന് രാത്രിയിൽ ശുചിമുറിയിൽ കുഴഞ്ഞുവീണ് മരിച്ചെന്നാണ് വീട്ടുകാർക്ക് വിവരം ലഭിച്ചത്.
എന്നാൽ മരണത്തിൽ അസ്വഭാവികത തോന്നിയ സുബ്രഹ്മണ്യൻ മരണത്തിൽ ദുരൂഹതയുണ്ടെന്നു കാണിച്ച് പരാതി നൽകുകയായിരുന്നു. തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലെ ഫോറൻസിക് മേധാവി ഡോ. സിറിയക് ജോബിന്റെ നേതൃത്വത്തിലുള്ള അഞ്ച് ഡോക്ടർമാരുടെ സംഘം വിശദമായ അന്വേഷണം നടത്തി.
ഡോക്ടർമാരുടെ സംഘം സമർപ്പിച്ച റിപ്പോർട്ടിൽ ശ്രുതി മരിച്ചത് ശ്വാസംമുട്ടിയാണെന്നും കഴുത്തിലുണ്ടായ ക്ഷതവും മരണകാരണമായെന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെ കൊലപാതകമാണെന്ന ആരോപണവും ഉയർന്നു. കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം ശ്രുതിയുടെ ഭർതൃവീട്ടുകാരുൾപ്പെടെ നാലുപേരുടെ നുണപരിശോധനയും നടത്തിരുന്നു. ശ്രുതിയുടേത് ആത്മഹത്യയോ കൊലപാതകമോ എന്ന കാര്യത്തിൽ അന്വേഷണം തുടരും.
ബിടെക് വിദ്യാർത്ഥിനിയായ ശ്രുതി നീണ്ടനാളത്തെ പ്രണയത്തിന് പിന്നാലെ 2019 ഡിസംബർ 22-ന് ആയിരുന്നു അരുണിനെ വിവാഹം ചെയ്തത്. എന്നാൽ വിവാഹസമയത്ത് സ്വർണം കുറഞ്ഞതിന്റെ പേരിലും സ്ത്രീധനത്തിന്റേയും ജോലി ലഭിക്കാത്തതിന്റെ പേരിലും പീഡനം നേരിടേണ്ടി വരികയായിരുന്നു.
പ്രതികളുടെ പേരിൽ സ്ത്രീധനപീഡനമരണം (304 ബി )കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇരുവരെയും ഇരിങ്ങാലക്കുട കോടതിയിൽ ഹാജരാക്കി. സംസ്ഥാന ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.
Discussion about this post