നടൻ ടൊവീനോ തോമസിന്റെ താരങ്ങളുടെ വിളിപ്പേരിൽ മതം കലർത്തുന്നതിനെതിരായ കമന്റിനോട് പ്രതികരിച്ച് ശ്രീജിത്ത് പണിക്കർ. ഒരാൾ ഹിന്ദു ആയതു കൊണ്ട് ഏട്ടനെന്നും മുസ്ലിം ആയതു കൊണ്ട് ഇക്കായെന്നും ക്രിസ്ത്യാനി ആയതു കൊണ്ട് ഇച്ചായനെന്നും വിളിക്കുന്നതിൽ പന്തികേടണ്ട് എന്ന് ഈയടുത്ത് നൽകിയ അഭിമുഖത്തിൽ ടൊവീനോ അഭിപ്രായപ്പെട്ടിരുന്നു. തന്നെ ഇച്ചായൻ എന്ന് വിളിക്കുന്നത് ചേരാത്ത ട്രൗസറാണെന്ന് ആയിരുന്നു നടന്റെ പ്രതികരണം. മുൻപും സമാനമായ പ്രതികരണം ടൊവീനോ നടത്തിയിരുന്നു.
അതേസമയം, ഒരു വ്യക്തിയെ അദ്ദേഹത്തിന്റെ സമുദായത്തിലെ ബഹുമാന വാക്കുകൾ കൊണ്ട് സംബോധന ചെയ്യുന്നതിൽ എന്തെങ്കിലും പന്തികേടുണ്ടോ എന്ന് ആലോചിച്ചു നോക്കി. അങ്ങനെ വിളിക്കുന്നത് ആദരവും സ്‌നേഹവും ആണെന്നു മാത്രമേ തോന്നിയുള്ളൂവെന്നാണ് ശ്രീജിത്ത് പണിക്കരുടെ അഭിപ്രായം.
‘ടൊവിനോയുടെ നിലപാട് തീർച്ചപ്പെടുത്താൻ അദ്ദേഹത്തിന്റെ തന്നെ ഫേസ്ബുക്ക് പോസ്റ്റുകൾ ഒന്നുനോക്കി. ലാലേട്ടൻ, ജയേട്ടൻ, രാജുവേട്ടൻ, പദ്മകുമാറേട്ടൻ, ശ്രീയേട്ടൻ, മമ്മൂക്ക, സിദ്ദിഖ് ഇക്കാ, നാദിർഷ ഇക്കാ, ജാഫറിക്കാ, കമലിക്കാ, ബാദുഷ ഇക്കാ, നസീറിക്കാ, ചാക്കോച്ചൻ എന്നൊക്കെയാണ് ആൾക്കാരെ സംബോധന ചെയ്തിരിക്കുന്നത്.’
‘എല്ലാം അതാത് മതത്തിൽ സ്‌നേഹവും ആദരവും പ്രകടിപ്പിക്കാൻ ഉപയോഗിക്കുന്ന നല്ല സംബോധനകൾ തന്നെ. അത് നിഷ്‌കളങ്കത തന്നെയല്ലേ? അല്ലാതെ ചേരാത്ത ട്രൗസർ അല്ലല്ലേ’- എന്ന് ശ്രീജിത്ത് പണിക്കർ ചോദിക്കുന്നു.