തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഭീഷണിയുള്ളതിനാൽ സുരക്ഷ വർധിപ്പിച്ചത് വലിയ കോലാഹലമാക്കിയ പ്രതിപക്ഷത്തെ വിമർശിച്ച് രാജ്യസഭാംഗമായ എഎ റഹിം. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തെ സുരക്ഷാ ക്രമീകരണങ്ങൾ ഓർമ്മിപ്പിച്ചാണ് അദ്ദേഹത്തിന്റെ കുറിപ്പ്.
‘തോക്കേന്തിയ കമാൻഡോ പടയുമായി ഒരു മുഖ്യൻ നാടു ഭരിച്ച കാലം’ എന്നാണ് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ റഹിം പരിഹസിക്കുന്നത്. അന്ന് അതിർത്തിയിൽ ഇന്ത്യൻ പട്ടാളം ഉപയോഗിക്കുന്ന തോക്കുകളാണ് ഉപയോഗിച്ചിരുന്നതെന്നും റഹിം പറയുന്നു.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് പോലീസ് സേനയിലെ പ്രത്യേക പരിശീലനം നേടിയ കമാൻഡോ സംഘം അദ്ദേഹത്തിന്റെ സുരക്ഷ ഏറ്റെടുക്കുമെന്ന വാർത്തകൂടി പങ്കുവെച്ചാണ് റഹിമിന്റെ വിമർശനം. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിക്കെതിരായ പ്രതിപക്ഷത്തിന്റെ പ്രതിഷേധം കനത്തതോടെ ഇന്റലിജൻസ് നിർദ്ദേശ പ്രകാരമാണ് സുരക്ഷ ശക്തിപ്പെടുത്തിയതെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ റിസർവ് ബറ്റാലിയന്റെ സ്‌കോർപിയോൺ കമാൻഡോകൾ സുരക്ഷ ഏറ്റെടുക്കുമെന്നായിരുന്നു അന്നത്തെ വാർത്ത. മുഖ്യമന്ത്രിക്കൊപ്പം തോക്കേന്തിയ 15 കമാൻഡോകൾ ഉണ്ടാകുമെന്നും വാർത്തയിലുണ്ട്.
എഎ റഹിം ഫേസ്ബുക്ക് പോസ്റ്റ്:
എല്ലാ ആരോപണങ്ങളും പൊളിഞ്ഞു പോകുമ്പോൾ, മുഖ്യമന്ത്രിക്ക് സുരക്ഷ കൊടുക്കുന്നതാണ് പ്രതിപക്ഷത്തിന്റെ പുതിയ പ്രശ്‌നം. മറവിരോഗം ബാധിച്ചവർക്കായി ഒരു പഴയ വാർത്ത.തോക്കേന്തിയ കമാന്റോപടയുമായി ഒരു മുഖ്യൻ നാട് ഭരിച്ചകാലം. അതും ഇന്ത്യൻ പട്ടാളം അതിർത്തിയിൽ ഉപയോഗിക്കുന്ന തോക്കുകൾ.