തൃശൂർ: കുന്നംകുളത്തെ വ്യാപാര സമുച്ചയത്തിലെ മൂന്നു കടകളിൽ കള്ളൻ കയറി. ഒരു കടയിൽ നിന്ന് കള്ളനു പന്ത്രണ്ടായിരം രൂപയും മറ്റൊരു കടയിൽ നിന്ന് അഞ്ഞൂറു രൂപയും കിട്ടി. പക്ഷേ, മൂന്നാമത്തെ കടയിൽ നിന്ന് കള്ളനു പണം കിട്ടിയില്ല. മൂന്ന് കടകളുടെയും പൂട്ട് പൊളിച്ചാണ് കള്ളൻ അകത്തു കയറിയത്. എന്നാൽ ഒരു കടയിൽ നിന്ന് ഒരു രൂപ പോലും കിട്ടാത്തതിന്റെ നിരാശയിൽ ഉടമയ്ക്കായി ഒരു കത്തും എഴുതിവെച്ചായിരുന്നു കള്ളൻ മടങ്ങി പോയത്.
ഈ കടയിൽനിന്നും ഒന്നും കിട്ടാതിരുന്ന കള്ളൻ എടുത്തത് ഒരു ജോഡി ഡ്രസ് മാത്രമാണ്. ചില്ലു കൊണ്ടുള്ള വാതിലായിരുന്നു ഈ കടയുടേത്. ഈ ചില്ല് പൊട്ടിച്ചാണ് കള്ളൻ അകത്തു കയറിത്. പക്ഷേ, കടയുടമ പണമൊന്നും ഇവിടെ സൂക്ഷിച്ചിരുന്നില്ല. നിരാശനായ കള്ളൻ ഒരു ജോഡി ഡ്രസ് മാത്രമെടുത്ത് മടങ്ങുകയായിരുന്നു.
എന്നാൽ, പോവാൻ നേരം, കള്ളൻ ‘പൈസ ഇല്ലെങ്കിൽ എന്തിനാടാ… ഡോർ പൂട്ടിയിട്ടിത്, വെറുതെ തല്ലിപ്പൊളിച്ചില്ലേ. ഒരു ജോഡി ഡ്രസ് മാത്രം എടുക്കുന്നു’വെന്ന് അവിടെ കിടക്കുന്ന ചില്ലു കഷണത്തിൽ പേനക്കൊണ്ടെഴുതി. കള്ളൻ നിരാശ കാരണം എഴുതിയതാകാമെന്നു പൊലീസ് പറയുന്നു. കഷ്ടപ്പെട്ട് ചില്ല് പൊട്ടിച്ച് അകത്തു കടന്നപ്പോൾ നയാപൈസ കിട്ടാത്തതിന്റെ അരിശ മൂലമാകാം കത്തെഴുതിയെന്നാണ് നിഗമനം.
ചില്ല് തകർക്കേണ്ടി വന്നതിന്റെ വിഷമവും എഴുത്തിൽ ഉണ്ട്. ചില കള്ളൻമാർ ഒരിടത്ത് മോഷ്ടിക്കാൻ കയറിയാൽ ഒന്നും കിട്ടിയില്ലെങ്കിലും പേരിന് എന്തെങ്കിലും എടുക്കുന്ന പതിവുണ്ടെന്നും പൊലീസ് പറയുന്നു. കള്ളന്റെ കൈയ്യക്ഷരം ചിത്രമെടുത്ത് പൊലീസ് സൂക്ഷിച്ചിട്ടുണ്ട്.
Discussion about this post