ആലുവ: ഒരാഴ്ചയ്ക്കുള്ളിൽ 70 ലക്ഷത്തിന്റെ രണ്ട് ഒന്നാം സമ്മാനങ്ങളുമായി തായിക്കാട്ടുകര ഗ്രാമം കേരളത്തെ തന്നെ അമ്പരപ്പിക്കുന്നു. സംസ്ഥാന ഭാഗ്യക്കുറിയുടെ അക്ഷയ ലോട്ടറിയും വിൻവിൻ ലോട്ടറിയുമാണ് ഈ ഗ്രാമത്തിന് ലക്ഷങ്ങൾ സമ്മാനിച്ചത്.
അക്ഷയ ലോട്ടറി നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ എസ്എൻ പുരം തറയിൽ ടികെ സുരേഷ് എടുത്ത എയു 750087 ടിക്കറ്റിനാണ് ലഭിച്ചത്. ഫാക്ടിലെ കരാർ ജീവനക്കാരനായ സുരേഷ് സ്ഥിരമായി ലോട്ടറി എടുക്കുന്നയാളാണ്.
സുരേഷ് കഴിഞ്ഞ ചൊവ്വാഴ്ച ജോലിക്കു പോകുമ്പോഴാണു നാട്ടുകാരനായ സ്മിജേഷിന്റെ പക്കൽ നിന്നു ടിക്കറ്റ് വാങ്ങിയത്. മകളുടെ പഠനത്തിനായി വിദ്യാഭ്യാസ ലോണിനായി ശ്രമിക്കുന്നതിനിടെയാണ് സുരേഷിനെ തേടി ഭാഗ്യമെത്തിയത്.
ഭാഗ്യവാൻ സുരേഷും ലോട്ടറി ഏജന്റ് സ്മിജേഷും സൃഹൃത്തുക്കളാണ്. ഇവരുടെ വീടുകൾ തമ്മിൽ 100 മീറ്റർ അകലമേയുള്ളൂ. അതേസമയം, ചെറിയ തുകയുടെ സമ്മാനങ്ങൾ ഇടയ്ക്കിടെ അടിക്കാറുണ്ടെങ്കിലും ഭാഗ്യദേവത അറിഞ്ഞ് അനുഗ്രഹിച്ചത് ഇപ്പോഴാണെന്നു സുരേഷ് പറഞ്ഞു.
ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റിനു പുറമേ 8000 രൂപ സമ്മാനമുള്ള 11 ടിക്കറ്റുകളും സ്മിജേഷ് വിറ്റിട്ടുണ്ട്. അതു വാങ്ങിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഈ കച്ചവടക്കാരൻ. കഴിഞ്ഞയാഴ്ച വിൻവിൻ ലോട്ടറി നറുക്കെടുപ്പിൽ ഒന്നാം സമ്മാനം 75 ലക്ഷം രൂപ ലഭിച്ചതു തായിക്കാട്ടുകരയിലെ ചുമട്ടുതൊഴിലാളിക്കായിരുന്നു. പിഎച്ച് സുധീറാണ് ആ ഭാഗ്യവാൻ.
Discussion about this post