കോഴിക്കോട്: നാദാപുരത്ത് പെട്രോളും കൊടുവാളുമായി കാത്തു നിന്ന പഴയ സഹപാഠിയുടെ ആക്രമണത്തിനിരയായ പെൺകുട്ടിയുടെ ജീവൻ രക്ഷിച്ച നാലംഗ സംഘമാണ് ഇന്ന് സോഷ്യൽമീഡിയയിലെ മിന്നും താരം. പാറക്കടവിൽ നിന്ന് ഉച്ചയൂണു കഴിക്കാനിറങ്ങിയ മൊയിലുകണ്ടി ഇല്ല്യാസ്, ചാമാളി ഹാരിസ്, തീക്കുന്നുമ്മൽ ആഷിഖ്, മുക്രിക്കണ്ടി ഷമീം എന്നിവരാണ് പെൺകുട്ടിയെ വീണ്ടും ജീവിതത്തിലേയ്ക്ക് കൈപിടിച്ചു കയറ്റിയത്.
പുറത്തെവിടെയെങ്കിലും ഒരുമിച്ചിരുന്ന് ഉച്ചയൂണ് കഴിക്കുവാൻ വേണ്ടിയായിരുന്നു നാൽവർ സംഘം ഇറങ്ങി തിരിച്ചത്. പട്ടാണി കിണറിനും പേരോട് തട്ടാറത്ത് പള്ളിക്കും ഇടയിൽ എത്തിയപ്പോഴാണു വിജനമായ സ്ഥലത്ത് യുവതിയും യുവാവും തമ്മിലുള്ള മൽപിടിത്തം കണ്ടത്. എന്നാൽ പന്തികേട് തോന്നി കാർ നിർത്തി നോക്കിയപ്പോൾ കൊടുവാൾ കൊണ്ട് യുവതിയെ യുവാവ് തുരുതുരാ വെട്ടുന്നതാണു കണ്ടത്.
ഉടനടി, മറ്റൊന്നും ആലോചിക്കാതെ കാറിൽ നിന്നു ചാടിയിറങ്ങി അക്രമിയെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തുകയായിരുന്നു. അപ്പോഴേക്കും പെൺകുട്ടിക്കു സാരമായി വെട്ടേറ്റിരുന്നു. ഉടൻ 2 പേർ ചേർന്ന് പെൺകുട്ടിയെയും കൊണ്ട് താലൂക്ക് ആശുപത്രിയിലേക്കു കുതിച്ചു.
കൊടുവാളുമായി നിന്നിരുന്ന യുവാവ് ഇതിനിടെ ‘ഞാൻ മരിക്കുകയാണ്’ എന്ന് ആക്രോശിച്ചു കൊണ്ട് കൈത്തണ്ടയിലെ ഞരമ്പിനു മുറിവേൽപ്പിക്കുകയായിരുന്നു. പിന്നാലെ യുവാവിനെയും കൂട്ടി മറ്റൊരു കാറിൽ ബാക്കി 2 പേരും താലൂക്ക് ആശുപത്രിയിലേക്കു കുതിച്ചു. ഈ ഇടപെടലിൽ നടുറോഡിൽ പൊലിയേണ്ടിയിരുന്ന രണ്ട് ജീവനുകളാണ് നാലുപേരുടെ കൈകളാൽ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയത്.