ആലുവ: മകളുടെ ബിരുദാനന്തര ബിരുദ പഠനത്തിനുള്ള പണം കണ്ടെത്താനായി വിദ്യാഭ്യാസ ലോണിനായി ശ്രമിക്കുന്നതിനിടെ പിതാവിനെ കടാക്ഷിച്ച് ഭാഗ്യദേവത. മകളെ വിദേശത്തയച്ച് പഠിപ്പിക്കാനുള്ള പണം അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ ലഭിച്ചതോടെ കണ്ടെത്താനാകുമെന്ന സന്തോഷത്തിലാണ് ഇവർ.
തായിക്കാട്ടുകര ശ്രീനാരായണപുരം തറയിൽ പികെ സുരേഷിനാണ് ബുധനാഴ്ച്ച വൈകിട്ട് നറുക്കെടുത്ത അക്ഷയ ലോട്ടറിയുടെ എയു 750087 നമ്പറിൽ ഒന്നാം സമ്മാനം ലഭിച്ചത്. മകൾക്ക് ബിരുദാനന്തര ബിരുദമെടുക്കുന്നതിന് പണം കണ്ടെത്താൻ ബാങ്കുകൾ കയറിയിറങ്ങുന്നതിനിടെയാണ് സുരേഷിന് സംസ്ഥാന സർക്കാരിന്റെ അക്ഷയ ലോട്ടറിയുടെ 70 ലക്ഷം രൂപയുടെ ഭാഗ്യം ലഭിച്ചത്.
സാധാരണ കുടുംബത്തിലെ അംഗമായ സുരേഷ് ഫാക്ടിലെ കരാർ തൊഴിലാളിയാണ്. ഭാര്യ മിനി സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് പോകുകയാണ്. രണ്ട് മക്കളിൽ മൂത്ത മകൾ ബിരുദ പഠനത്തിന് ശേഷം വിദേശത്ത് ബിരുദാനന്തര ബിരുദമെടുക്കുന്നതിന് നടപടികളെല്ലാം പൂർത്തിയാക്കിയിട്ടുണ്ട്. എന്നാൽ സാമ്പത്തികമായ ബുദ്ധിമുട്ടുകൾ കാരണം ആലുവയിലെ ദേശസാത്കൃത ബാങ്കിൽ നിന്നും വായ്പ ലഭ്യമാക്കുന്നതിന് സുരേഷ് ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെയാണ് ലോട്ടറി ഭാഗ്യം നൽകിയത്. തായിക്കാട്ടുകരയിലെ സബ് ഏജന്റ് സ്മിജേഷിൽ നിന്നാണ് സുരേഷ് ടിക്കറ്റ് എടുത്തത്. സമ്മാനം ലഭിച്ച ടിക്കറ്റ് ബാങ്കിന് കൈമാറി.
Discussion about this post