സഹോദരിക്ക് കൂട്ടിരിക്കാൻ എത്തി; ജനറൽ ആശുപത്രിയിലെ ഫാൻ പൊട്ടിവീണ് അജേഷിന് തലയിൽ അഞ്ച് തുന്നൽ

ആലപ്പുഴ: ജില്ലാ ജനറൽ ആശുപത്രിയിലെ നിരീക്ഷണ മുറിയിലെ ഫാൻ പൊട്ടി തലയിൽവീണ് ബൈസ്റ്റാന്റർക്ക് പരിക്കേറ്റു. തകഴി കേളമംഗലം പുത്തൻവീട്ടിൽ കെ അജേഷിന്റെ (45) തലയിലാണ് ഫാൻ പൊട്ടി വീണത്. തലയിൽ അഞ്ച് തുന്നിക്കെട്ടുകളുമുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 12.30 നായിരുന്നു അപകടം.

കഴിഞ്ഞദിവസം ബസ് യാത്രയ്ക്കിടെ സഹോദരിക്ക് തലചുറ്റൽ അനുഭവപ്പെട്ട് ജനറൽ ആശുപത്രിയിൽ എത്തിച്ചെന്ന വിവരം അറിഞ്ഞാണ് ലോറി ഡ്രൈവറായ അജേഷ് ആശുപത്രിയിലേക്ക് എത്തിയത്. നിരീക്ഷണ മുറിയിലായിരുന്ന സഹോദരിയെ കാണുന്നതിനിടെയാണ് കറങ്ങിക്കൊണ്ടിരുന്ന ഫാൻ പൊട്ടി വലിയ ശബ്ദത്തോടെ അജേഷിന്റെ തലയിൽ വീണത്. അജേഷിനെ ഉടൻ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. മുറിവ് തുന്നുകയും സ്‌കാനിങ്ങിനു വിധേയനാക്കുകയും ചെയ്ത ശേഷം നിരീക്ഷണത്തിൽ കഴിഞ്ഞ അജേഷിനെ വൈകിട്ട് ഡിസ്ചാർജ് ചെയ്തു.

പരിശോധനയ്ക്കായി വീണ്ടും എത്താൻ ഡോക്ടർ നിർദേശിച്ചിട്ടുമുണ്ട്. ആശുപത്രിയിലെ പഴകി ദ്രവിച്ച ഫാൻ കറങ്ങുമ്പോൾ വലിയ ശബ്ദമുണ്ടായിരുന്നെന്നും ഇടയ്ക്കിടെ തനിയെ നിന്നു പോവുകയും ചെയ്തിരുന്നതായി രോഗികൾ പറയുന്നു.

also read- നിരവധി സിനിമകളിൽ വേഷമിട്ട് കുട്ടിതാരങ്ങൾ; പക്ഷെ ജീവിതം ഇടിഞ്ഞുപൊളിഞ്ഞ് വീഴാറായ വാടക കൂരയിൽ; സഹായവുമായി സുമനസുകൾ

അതേസമയം, കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച ശേഷം ഫാൻ ഉൾപ്പെടെ മുഴുവൻ ഇലക്ട്രിക് ഉപകരണങ്ങളും പരിശോധിച്ച് കുറ്റമറ്റതാണെന്നു ഉറപ്പുവരുത്തിയിരുന്നെന്ന് സ്ഥലം സന്ദർശിച്ച നഗരസഭാധ്യക്ഷ സൗമ്യരാജ് പറഞ്ഞു.

Exit mobile version