ഇടുക്കി: പ്രണയനൈരാശ്യത്തെ തുടര്‍ന്ന് പാറ മുകളില്‍ നിന്ന് ചാടി ആത്മഹത്യക്കൊരുങ്ങിയ പെണ്‍കുട്ടിയെ അനുനയിപ്പിച്ച് തിരികെവിളിച്ച് ജീവന് രക്ഷിച്ച പോലീസ് ഉദ്യോഗസ്ഥന് നിറഞ്ഞ കൈയ്യടി. അടിമാലി സബ് ഇന്‍സ്പെക്ടര്‍ സന്തോഷ് ആണ് അവസരോചിത ഇടപെടലിലൂടെ യുവതിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഇദ്ദേഹം യുവതിയെ അനുനയിപ്പിച്ച് തിരികെ വിളിക്കുന്ന ദൃശ്യങ്ങള്‍ കേരള പോലീസ് തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവച്ചു.
‘ആ സമയത്ത് പെണ്‍കുട്ടിയുടെ ജീവന് രക്ഷിക്കുക എന്നത് മാത്രമായിരുന്നു മനസ്സിലുണ്ടായിരുന്നത്. അതിന് വേണ്ടി പരമാവധി ശ്രമിച്ചു. ആ കുട്ടിയുടെ ആയുസ്സിന്റെ ബലംകൊണ്ടും ദൈവം സഹായിച്ചും എല്ലാം ഭംഗിയായി കഴിഞ്ഞു’- എസ്.ഐ. കെ.എം. സന്തോഷ് കുമാര്‍ പറയുന്നു.
മലമുകളിലെ പാറക്കെട്ടിന് മുകളിലിരുന്ന യുവതിയുടെ സമീപത്തേക്ക് അതിസാഹസികമായി ഇറങ്ങിച്ചെന്ന്, ഒരുമണിക്കൂറോളം സംസാരിച്ചതിന് ശേഷമാണ് അദ്ദേഹം യുവതിയെ അനുനയിപ്പിച്ചത്. ഒടുവില്‍ ആത്മഹത്യ ചെയ്യാന്‍ തുനിഞ്ഞിറങ്ങിയ യുവതി എസ്.ഐ.യ്ക്കൊപ്പം തിരികെ കയറുകയായിരുന്നു.
വഴുക്കലുള്ള പാറകളിലൂടെ എസ്.ഐ. യുവതിയുടെ സമീപത്തേക്ക് ചെല്ലുന്നതും യുവതിയെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നതുമെല്ലാം ഒപ്പമുണ്ടായിരുന്ന എ.എസ്.ഐ. അബ്ബാസ് മൊബൈലില്‍ പകര്‍ത്തിയിരുന്നു. സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ പോലീസുകാര്‍ക്ക് നിറഞ്ഞ കൈയടി നല്‍കുകയാണ് കേരളം.
‘രാവിലെ ഏഴുമണിയോടെയാണ് വീട്ടില്‍നിന്ന് കാണാതായ പെണ്‍കുട്ടി മലമുകളിലെ പാറയുടെ മുകളിലിരിക്കുകയാണെന്ന വിവരം സ്റ്റേഷനില്‍ ലഭിക്കുന്നത്. ഉടന്‍തന്നെ എ.എസ്.ഐ.ക്കൊപ്പം കുതിരയിളകുടിയിലേക്ക് തിരിച്ചു. ചെങ്കുത്തായ മലയില്‍ വലിയൊരു പാറയുടെ വക്കിലാണ് പെണ്‍കുട്ടി ഇരുന്നിരുന്നത്. ഏതാനും അടി കൂടി മുന്നോട്ടുനീങ്ങിയാല്‍ അവര്‍ താഴേക്ക് വീഴും. മലമുകളില്‍ എത്തിയതിന് പിന്നാലെ അവരോട് തിരികെ കയറിവരാന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഞങ്ങള്‍ പറയുന്നതൊന്നും കേള്‍ക്കാന്‍ ആദ്യം പെണ്‍കുട്ടി തയ്യാറായില്ല. ചെവി പൊത്തിപ്പിടിച്ച് ഏറെ നേരം ഇരുന്നു. ഇതോടെയാണ് മലമുകളില്‍നിന്ന് പെണ്‍കുട്ടി ഇരിക്കുന്ന പാറയ്ക്ക് സമീപത്തേക്ക് ഇറങ്ങിച്ചെല്ലാന്‍ തീരുമാനിച്ചത്.
നേരത്തെ ബന്ധുക്കള്‍ ഇറങ്ങിച്ചെല്ലാന്‍ ശ്രമിച്ചപ്പോളാണ് പെണ്‍കുട്ടി കൂടുതല്‍ ദൂരേക്ക് പോയത്. മഴ പെയ്തതിനാല്‍ പാറകളിലെല്ലാം വഴക്കലുണ്ടായിരുന്നു. കയറോ മറ്റുസഹായങ്ങളോ ഉണ്ടായിരുന്നില്ല. നനവില്ലാത്ത സ്ഥലം നോക്കി പതിയെ താഴേക്കിറങ്ങി. ഏകദേശം പെണ്‍കുട്ടി ഇരിക്കുന്നതിന് സമീപത്ത് എത്തിയപ്പോള്‍ അവരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു.
‘എന്തുപ്രശ്നമാണെങ്കിലും ഇവിടെവെച്ച് പരിഹാരം കണ്ടിട്ടേ തിരികെ പോകൂവെന്ന് ആവര്‍ത്തിച്ച് പറഞ്ഞു. നിന്നെപ്പോലെ രണ്ട് പെണ്‍കുട്ടികളുടെ അച്ഛനാണ് ഞാന്‍, നിന്റെ എന്തുപ്രശ്നവും ഞാന്‍ പരിഹരിച്ചുതരും എന്ന് ഉറപ്പുനല്‍കി’, അതോടെ
അവള്‍ക്ക് വിശ്വാസമായി. ഇരുന്നിരുന്ന പാറക്കെട്ടില്‍ നിന്ന് അവര്‍ തിരികെവന്നു. ഏകദേശം അരമണിക്കൂറോളം തന്റെ പ്രശ്നങ്ങളെല്ലാം തുറന്നുസംസാരിക്കുകയും ചെയ്തു. അതിനുശേഷമാണ് മലയുടെ മുകളിലേക്ക് തിരികെ എത്തിച്ചത്’- എസ്.ഐ. സന്തോഷ് കുമാര്‍ പറഞ്ഞു.
തലമാലി സ്വദേശിയായ 26-കാരിയും പ്രദേശവാസിയായ യുവാവും തമ്മില്‍ വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. അടുത്തിടെ യുവാവ് ഈ ബന്ധത്തില്‍നിന്ന് പിന്മാറി മറ്റൊരു യുവതിയുമായി അടുപ്പത്തിലായി. ഇതിനെത്തുടര്‍ന്നുണ്ടായ മാനസികപ്രയാസത്തിലാണ് യുവതി ജീവനൊടുക്കാനായി മലമുകളിലെത്തിയത്.
ത്.
ഒമ്പത് വര്‍ഷത്തെ തന്റെ സര്‍വീസിനിടെ ഇത്തരമൊരു രക്ഷാപ്രവര്‍ത്തനം ആദ്യമായിട്ടാണെന്നായിരുന്നു എസ്.ഐ. സന്തോഷ്കുമാറിന്റെ പ്രതികരണം. ‘അത്രയും അപകടകരമായ സ്ഥലത്താണ് യുവതി ഇരുന്നിരുന്നത്. ഒന്ന് ഭയപ്പെട്ട് എഴുന്നേറ്റാല്‍പ്പോലും താഴേക്ക് വീണേനെ, ദൈവസഹായം കൊണ്ട് എല്ലാം നല്ലതുപോലെ നടന്നു’- അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച രാത്രിഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ. അബ്ബാസാണ് എസ്.ഐ. സന്തോഷിനൊപ്പം ബുധനാഴ്ച രാവിലെ കുതിരയിളക്കുടിയിലേക്ക് പോയിരുന്നത്. എസ്.ഐ. ഇറങ്ങിച്ചെന്ന് അനുനയിപ്പിച്ചതിനാലാണ് യുവതിയുടെ ജീവന് രക്ഷിക്കാന്‍ കഴിഞ്ഞതെന്ന് അദ്ദേഹവും പറഞ്ഞു. ‘രാവിലെ ഏഴേമുക്കാലോടെയാണ് ഞങ്ങള്‍ അവിടെ എത്തുന്നത്. മലമുകളില്‍നിന്ന് ആദ്യം തിരികെ വരാന്‍ പറഞ്ഞപ്പോള്‍ പെണ്‍കുട്ടി ചെവി പൊത്തിപിടിച്ചിരിക്കുകയായിരുന്നു.
നമുക്ക് ഒരിക്കലും പെണ്‍കുട്ടിയുടെ അടുത്തുപോയി ബലംപ്രയോഗിച്ച് പിന്തിരിപ്പിക്കാന് കഴിയില്ല. അവിടെയുള്ള നാട്ടുകാര്‍ പോലും ഇറങ്ങിച്ചെല്ലാന്‍ മടിക്കുന്ന പാറക്കെട്ടുകളാണ്. ഒരുപക്ഷേ, ബലംപ്രയോഗിക്കാന്‍ ശ്രമിച്ചാല്‍ എല്ലാവരും അപകടത്തില്‍പ്പെടും. അപ്പോളാണ് സന്തോഷ് സാറും ഞാനും ഇറങ്ങിച്ചെന്നത്.
മകളായിട്ടാണ് കാണുന്നത്, എന്തുണ്ടെങ്കിലും പരിഹരിക്കാമെന്ന് സന്തോഷ് സാര്‍ ആവര്‍ത്തിച്ചുപറഞ്ഞു. മുരുകന്റെ ഒരു ചെറിയ വിഗ്രഹം ഉള്ളംകൈയില്‍ പിടിച്ചാണ് യുവതി പാറക്കെട്ടിന് മുകളില്‍ ഇരുന്നിരുന്നത്. സാര്‍ ഒട്ടേറെതവണ പറഞ്ഞിട്ടാണ് യുവതി തിരിഞ്ഞ് നോക്കാന്‍ പോലും തയ്യാറായത്. ഒടുവില്‍ അരമണിക്കൂറോളം നീണ്ട പരിശ്രമത്തിന് ശേഷം യുവതി തിരികെ വരികയും സാറിനോട് പ്രശ്നങ്ങളെല്ലാം തുറന്നുപറയുകയുമായിരുന്നു’- എ.എസ്.ഐ അബ്ബാസും പറയുന്നു.
Discussion about this post