മൂവാറ്റുപുഴ: ഉറ്റചങ്ങാതിയെ അവൻ പഠിച്ചിരുന്ന സ്കൂളിലെ ക്ലാസ് മുറികളിൽ തിരഞ്ഞു നടക്കുകയാണ് അരുമയായ നായക്കുട്ടി നൊമ്പരക്കാഴ്ചയാവുകയാണ്. വീട്ടുകാർ മറ്റൊരിടത്തേക്കു താമസം മാറിയത് നായ കുട്ടി അറിഞ്ഞിട്ടില്ല. സ്കൂൾ തുറക്കുന്ന സമയമാകുമ്പോൾ പതിവായി അവൻ എത്തും. ഇതറിഞ്ഞാണ് നായക്കുട്ടി കൃത്യമായി സ്കൂളിലേക്ക് എത്തിയത്.
ക്ലാസ് മുറികളിൽ കുട്ടികളുടെ അടുത്തു ചെന്നു മുഖത്തേക്കു സൂക്ഷിച്ചു നോക്കി ചങ്ങാതിയെ തിരയുന്ന നായ നോവാവുകയാണ്. എന്നാൽ സ്കൂൾ അധികൃതർക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കും നായയുടെ സാമീപ്യം പ്രശ്നമായതോടെ നായയെ ഇപ്പോൾ സ്കൂളിനു സമീപം കെട്ടിയിട്ടിരിക്കുകയാണ്.
മൃഗസ്നേഹികളുടെ സംഘടനയായ മൂവാറ്റുപുഴ ദയ ആനിമൽ വെൽഫെയർ ഓർഗനൈസേഷൻ നായയുടെ ഉടമയ്ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കിഴക്കമ്പലം ബത്ലഹേം ദയറ ഹൈസ്കൂളിലാണ് നായ ചങ്ങാതിയെ തേടി പതിവായെത്തുന്നത്. വളർത്തിയിരുന്നവർ കിഴക്കമ്പലത്തെ വീടു വിറ്റ് ആലപ്പുഴയിലേക്ക് താമസം മാറിയപ്പോൾ നായയെ ഇവിടെ ഉപേക്ഷിക്കുകയായിരുന്നു.
വീട്ടിലെ കുട്ടി പഠിച്ചിരുന്നത് ദയറ ഹൈസ്കൂളിലാണ്. സ്കൂളിലേക്കു കുട്ടി പോകുമ്പോൾ പിന്തുടർന്നിരുന്ന നായയ്ക്കു സ്കൂൾ കൃത്യമായി അറിയാമായിരുന്നു. ഈ ഓർമ വെച്ചാണ് നായ്ക്കുട്ടിയും എത്തിയത്.
സ്കൂളിലെ കുട്ടികളുമായി നായ സൗഹൃദത്തിലാണെങ്കിലും നായയുടെ സ്ഥിരം സാമീപ്യം സ്കൂളിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചതോടെയാണ് ദയയുടെ പ്രവർത്തകരെ സ്കൂൾ അധികൃതർ ബന്ധപ്പെട്ടത്. നായയെ വളർത്തിയിരുന്ന കുടുംബത്തെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ടെന്നു ദയ കോഓർഡിനേറ്റർ അമ്പിളി പുരയ്ക്കൽ പറഞ്ഞു.
Discussion about this post