മലപ്പുറം: സ്‌നേഹസമ്മാനമായി മകൻ വിഘ്‌നേഷ് വിജയകുമാർ ലേലം വിളിച്ചെടുത്ത ഗുരുവായൂരപ്പന്റെ ഥാർ വീട്ടിലെത്തിയാൽ ആദ്യയാത്ര ഗുരുവായൂരപ്പനെ തന്നെ കാണാൻ പോകുമെന്ന് വ്യക്തമാക്കി മാതാപിതാക്കൾ. നടപടികൾ പൂർത്തിയാക്കി ഥാർ വീട്ടിലെത്താനുള്ള കാത്തിരിപ്പിലാണ് അങ്ങാടിപ്പുറം കമലനഗർ ഗീതാഞ്ജലി കുന്നത്തു വീട്ടിൽ വിജയകുമാറും ഭാര്യ ഗീതാ വിജയനും.
ഫോണെടുക്കാന്‍ തിരിച്ചെത്തി, മോഷ്ടിക്കാന്‍ കയറിയ കള്ളന്‍ കൈയ്യോടെ പിടിയില്‍
ലേലത്തിന് എത്തിയ വിഘ്‌നേഷിന്റെ ദുബായിയിലെ മാനേജർ അനൂപ് ഹരിത്തോട്ടത്തിന് പെട്ടെന്ന് മടങ്ങേണ്ടതിനാൽ മുഴുവൻ പണവും വേഗം കൈപ്പറ്റി വാഹനം കൈമാറണമെന്ന അപേക്ഷ ദേവസ്വത്തിന് നൽകുമെന്ന് വിജയകുമാർ കൂട്ടിച്ചേർത്തു. ആദ്യം അടയ്‌ക്കേണ്ട 25 ലക്ഷം രൂപ കൈമാറി കഴിഞ്ഞു.
വിജയകുമാറിന്റെ വാക്കുകൾ;
ഗുരുവായൂർ യാത്രയുടെ പ്‌ളാൻ ഇപ്പോഴേ റെഡിയാണ്. എല്ലാദിവസവും ദർശനം നടത്താറുള്ള അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലും അടുത്തുള്ള മാണിക്കപുരം അയ്യപ്പക്ഷേത്രത്തിലും ദർശനം. പിന്നെ ഥാറിൽ ഗുരുവായൂർ ക്ഷേത്രത്തിലേക്ക്. വളരെക്കാലമായി വീട്ടിലെ ഡ്രൈവറായ രാമകൃഷ്ണൻ തന്നെയാണ് ഥാർ ഓടിക്കുക. രണ്ടാഴ്ച്ചയ്ക്കുള്ളിൽ നാട്ടിൽ വരാനുള്ള ശ്രമത്തിലാണ് വിഘ്‌നേഷ്.
എത്തിയാൽ മൂവരും ഥാറിൽ മൂകാംബിക ക്ഷേത്രദർശനത്തിന് പോവും. പതിനെട്ട് വർഷമായി ദുബായിയിൽ ബിസിനസ് നടത്തുകയാണ് വിഘ്നേഷ്. വീട്ടിൽ ബി.എം.ഡബ്‌ളിയു, ഇന്നോവ കാറുകളുണ്ട്. ദുബായിൽ വിഘ്നേഷിന് 12 ആഡംബര കാറുകളുണ്ട്. റോൾസ് റോയ്‌സ്, ബെന്റ്ലി കോണ്ടിനെന്റൽ, ഫെറാരി, റേഞ്ച് റോവർ, ബെൻസ് തുടങ്ങിയവ.
ഭാര്യ പഞ്ചാബ് സ്വദേശി കോമളും മക്കളായ അഞ്ജലി മേനോനും ആര്യൻ മേനോനും ദുബായിയിലാണ്. അഞ്ജലി ഒന്നാംക്ലാസിലും ആര്യൻ എൽ.കെ.ജിയിലുമാണ്. ഗുരുവായൂരപ്പനോടുള്ള പ്രിയം കൊണ്ടാണ് അവൻ ഥാർ സ്വന്തമാക്കി ഞങ്ങൾക്ക് സമ്മാനിച്ചത്. ഗുരുവായൂരപ്പന്റെ അനുഗ്രഹം കൊണ്ടായിരിക്കാം ഞങ്ങൾക്ക് തന്നെ ലഭിച്ചതും. എത്ര പണം നൽകേണ്ടി വന്നാലും വാഹനം സ്വന്തമാക്കണമെന്ന് വിഘ്‌നേഷ് പറഞ്ഞിരുന്നു.
Discussion about this post