മൂന്നാര്‍: വീട്ടില്‍ മറന്നുവച്ച ഫോണെടുക്കാന്‍ തിരിച്ചെത്തിയപ്പോള്‍ ഒളിച്ചിരുന്ന കള്ളന്‍ കൈയ്യോടെ പിടിയില്‍. ആളില്ലാത്ത വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളന്‍ ദേവികുളം കോളനി സ്വദേശി പാണ്ഡ്യദുരൈയെ(38) ആണ് മൂന്നാര്‍ എസ്.ഐ. ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകീട്ട് സൈലന്റ് വാലി റോഡില്‍ സര്‍ക്കാര്‍ മദ്യശാലയ്ക്കുസമീപം ആറുമുറി ലയത്തില്‍ രത്തിനാ സൗണ്ട്സ് ഉടമ മോഹനന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്.
മോഹനനും കുടുംബം മറന്നുവെച്ച മൊബൈല്‍ ഫോണെടുക്കാനായി തിരിച്ചുവീട്ടിലെത്തിയപ്പോഴാണ് കള്ളന്‍ കുടുങ്ങിയത്. ഉച്ചയ്ക്കുശേഷം കുടുംബം വീടുപൂട്ടി ഉദുമല്‍പേട്ടയ്ക്ക് പോയി. വാഗുവാര എത്തിയപ്പോഴാണ് മൊബൈല്‍ ഫോണ്‍ മറന്ന കാര്യം മനസ്സിലായത്. അഞ്ചുമണിയോടെ തിരിച്ചുവീട്ടിലെത്തി. വീട് തുറന്നുകിടക്കുന്നതായും മുറികളില്‍ ലൈറ്റ് തെളിഞ്ഞുകിടക്കുന്നതായും മകന്‍ രാജേഷ് കണ്ടു. ആരോ അകത്തുണ്ടെന്ന് മനസ്സിലായതോടെ വാതില്‍ അടച്ചശേഷം നാട്ടുകാരെയും പോലീസിനെയും വിവരമറിയിച്ചു.
പോലീസ് വീടിനുള്ളില്‍ നടത്തിയ പരിശോധനയിലാണ് സീലിങ്ങിനുള്ളില്‍ ഒളിച്ചിരിക്കുന്ന പാണ്ഡ്യദുരൈയെ കണ്ടെത്തിയത്. ഇയാള്‍ മദ്യലഹരിയിലായിരുന്നു. മദ്യശാലയ്ക്ക് സമീപം സംഘം ആക്രമിച്ചെന്നും ഇവരില്‍നിന്ന് രക്ഷപ്പെട്ടോടി വീട്ടിനുള്ളില്‍ കയറിയതാണെന്നുമാണ് ഇയാള്‍ പറഞ്ഞത്.
എന്നാല്‍, പോലീസ് ഇത് മുഖവിലയ്‌ക്കെടുത്തില്ല. വീട്ടില്‍നിന്ന് ഒന്നും മോഷണം പോയിട്ടില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു. അറസ്റ്റിലായ ഇയാളെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.