കോഴിക്കോട്: കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി ജംഷിദിനെ കർണാടകയിലെ മാണ്ഡ്യയിൽ റെയിൽവേ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ജംഷിദിന്റെ മരണകാരണം നെഞ്ചിനും തലയ്ക്കും ഏറ്റ ക്ഷതമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
ജംഷിദിന്റെ കയ്യിലും കാലിലും ഉൾപ്പടെ ശരീരമാസകലം മുറിവുകൾ ഉണ്ടായിരുന്നു. ഈ മുറിവുകൾ എല്ലാം മരണത്തിന് തൊട്ടുമുമ്പ് ഉണ്ടായതാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്.
അതേസമയം, ജംഷിദിനെ ആരോ കൊലപ്പെടുത്തിയതാണെന്ന് ഉറപ്പിക്കുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടെന്ന് ജംഷിദിന്റെ പിതാവ് മുഹമ്മദ് പ്രതികരിച്ചു. ‘കേസുമായി മുന്നോട്ട് പോകും. തീവണ്ടി തട്ടിയുള്ള മരണമാണ് മകന്റേതെന്ന നിലപാടാണ് തുടക്കം മുതൽ കർണാടക പോലീസ് സ്വീകരിച്ചത്. മൃതശരീരം കണ്ടപ്പോൾ തന്നെ ആരോ അവനെ കൊലപ്പെടുത്തി പാളത്തിൽ കൊണ്ടിട്ടതാണെന്ന് സംശയം തോന്നിയിരുന്നു. അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർക്ക് പരാതി നൽകിയിട്ടുണ്ട്. വീണ്ടും അന്വേഷണം ആവശ്യപ്പെട്ട് കർണാടക പോലീസിനേ സമീപിക്കും’-പിതാവ് മുഹമ്മദ് പറഞ്ഞു.
ഇക്കഴിഞ്ഞ മേയ് 11-നാണ് ജംഷിദിന്റെ മൃതദേഹം മാണ്ഡ്യയിലെ റെയിൽവേ പാളത്തിൽ കണ്ടെത്തിയത്. കേരളത്തിലേക്ക് മടങ്ങുന്നവഴി സുഹൃത്തുക്കൾക്കൊപ്പം കാറിൽ കിടന്ന് ഉറങ്ങിയെന്നും രാവിലെ എഴുന്നേറ്റപ്പോൾ ജംഷിദിനെ കണ്ടില്ലെന്നും പിന്നീട് നടത്തിയ തെരച്ചിലിലാണ് മൃതദേഹം പാളത്തിൽ കണ്ടെതെന്നുമാണ് അന്ന് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ പറഞ്ഞത്.
എന്നാൽ മരണവാർത്തയറിഞ്ഞ് കർണാടകയിലെത്തിയ സമയത്ത് തന്നെ അപകടമരണമല്ലെന്നും കൊലപാതകം ആണെന്നും ജംഷിദിന്റെ കുടുംബം ആരോപിച്ചിരുന്നു. ജംഷിദിന്റെ കൂടെ കർണാടകയിലേക്ക് പോയ റിയാസ് ലഹരിമാഫിയയുമായി ബന്ധമുള്ള ആളാണെന്നും സംഭവത്തിൽ ദുരൂഹത ഉണ്ടെന്നുമാണ് കുടുംബത്തിന്റെ ആരോപണം. സത്യം പുറത്തുവരാൻ ജംഷിദിന്റെ സുഹൃത്തുക്കളായ അഫ്സൽ, ഫെബിൻ ഷാ, റിയാസ് എന്നിവരെ ഉടൻ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.
Discussion about this post