മഞ്ചേരി: മണ്ഡലകാലത്ത് ശബരിമല ദര്‍ശത്തിന് പോയ രണ്ട് യുവതികളില്‍ ഒരാളെ കാണാനില്ലെന്ന് പരാതി. മലപ്പുറം അങ്ങാടിപ്പുറം സ്വദേശിനി കനകദുര്‍ഗയെയാണ് കാണാതായത്. കോഴിക്കോട് സ്വദേശിനിയായ ബിന്ദുവിനൊപ്പം സന്നിധാനത്തേയ്ക്ക് പുറപ്പെട്ട ഇവരെ ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പോലീസ് തിരിച്ചിറക്കിയിരുന്നു. എന്നാല്‍ കനക ദുര്‍ഗ ഇതുവരെ വീട്ടില്‍ തിരിച്ചെത്തിയില്ലെന്നാണ് ആരോപണം. മംഗളം ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
പോലീസിന്റെ പെരുമാറ്റത്തില്‍ ദുരൂഹതയുണ്ടെന്നും യുവതിയെ അന്വേഷിച്ച് വിളിക്കുന്ന കോളുകള്‍ക്ക് കോട്ടയം എസ്പി കൃത്യമായ മറുപടി നല്‍കുന്നില്ലെന്നും വീട്ടുകാര്‍ ആരോപിക്കുന്നു.
പോലീസിന്റെ സംരക്ഷണം ആവശ്യപ്പെടാതെ ഈ മാസം 24നായിരുന്നു ഇവര്‍ ശബരിമലയില്‍ എത്തിയത്. എന്നാല്‍ ഇവരെ തടഞ്ഞുകൊണ്ട് അനേകം ഭക്തര്‍ രംഗത്തെത്തിയതോടെ പോലീസ് അവരെ നീക്കി ഇവരെ സന്നിധാനത്ത് എത്തിക്കാനുള്ള ശ്രമം നടത്തിയെങ്കിലും പ്രതിഷേധം കനത്തതോടെ പോലീസിന് ഇവരെ തിരിച്ചിറക്കേണ്ടി വന്നിരുന്നു.
അതേസമയം കനക ദുര്‍ഗയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇവരെ തിരിച്ചിറക്കിയതെന്നായിരുന്നു പോലീസിന്റെ വിശദീകരണം. ശബരിമലയില്‍ നിന്നും തിരിച്ചിറക്കിയ യുവതികളെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം അറിഞ്ഞ് കനകദുര്‍ഗയുടെ സഹോദരന്‍ ഭരതന്‍ കോട്ടയം ജില്ലാ പോലീസ് മേധാവിയെ ഫോണില്‍ വിളിച്ചെങ്കിലും ആശുപത്രിയിലേക്ക് പോകാന്‍ അനുമതി നിഷേധിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം കനക ദുര്‍ഗയെ മലപ്പുറത്ത് എത്തിക്കുമെന്നും ഇതിനായി പോലീസ് സംരക്ഷണം നല്‍കുമെന്നും കോട്ടയം എസ്പി ഉറപ്പ് നല്‍കിയതായും സഹോദരന്‍ പറയുന്നു. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും വിവരം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് കനകദുര്‍ഗയുടെ സഹോദരിയും കോട്ടയം എസ്പിയെ വിളിച്ചു. കനക ദുര്‍ഗയെ കോഴിക്കോട്, കണ്ണൂര്‍, തലേേശശരി എന്നിവിടങ്ങളില്‍ ഒരിടത്ത് എത്തിച്ചിട്ടുണ്ടെന്നും, കൂടുതല്‍ വിവരം ലഭിക്കാന്‍ കണ്ണൂര്‍ എസ്പിയെ വിളിക്കാനുമായിരുന്നു കോട്ടയം എസ്പിയുടെ മറുപടി.
എന്നാല്‍ കനക ദുര്‍ഗയെ സംബന്ധിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. കൂടാതെ കനക ദുര്‍ഗയെ കണ്ടെത്തിത്തരണം എന്നും പറഞ്ഞ് ഭര്‍ത്താവ് പെരിന്തല്‍മണ്ണ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.