കൊച്ചി: ഐഐടി എന്‍ട്രന്‍സ് പരീക്ഷയെഴുതി എണ്‍പതുകാരന്‍. മകനെ പിന്തള്ളിയാണ് എണ്‍പതുകാരനായ പിതാവ് പരീക്ഷയെഴുതിയത്. ആലുവ സ്വദേശിയായ നന്ദകുമാര്‍ കെ ആണ് പ്രായത്തെവെല്ലുന്ന ദൃഢനിശ്ചയത്തോടെ മദ്രാസ് ഐഐടി നടത്തിയ പ്രവേശന പരീക്ഷ എഴുതിയത്.
ബിഎസ്സി ഓണ്‍ലൈന്‍ കോഴ്‌സിലേക്കുള്ള ഐഐടി എന്‍ട്രന്‍സ് പരീക്ഷയാണ് നന്ദകുമാര്‍ എഴുതിയത്. ആലുവയിലെ ഒരു ഐടി സ്ഥാപനത്തില്‍ വെച്ചാണ് പരീക്ഷ നടന്നത്. എഞ്ചിനീയറാണ് നന്ദകുമാര്‍.
പരീക്ഷാ സെന്ററിന്റെ വാതില്‍ക്കല്‍ എത്തിയപ്പോള്‍ തന്നെ അകത്തേക്കു കടത്തി വിടാന്‍ സെക്യൂരിറ്റി ജീവനക്കാര്‍ അല്‍പമൊന്നു ശങ്കിച്ചെന്ന് അദ്ദേഹം പറയുന്നു.
‘സെക്യൂരിറ്റി ജീവനക്കാര്‍ എന്നെ ഗേറ്റിനടുത്ത് തടഞ്ഞുനിര്‍ത്തി. ഞാന്‍ പ്രവേശന പരീക്ഷ എഴുതാന്‍ വന്ന ഉദ്യോഗാര്‍ത്ഥിയാണെന്ന് അവരെ ബോധ്യപ്പെടുത്താന്‍ പാടു പെടേണ്ടി വന്നു”, നന്ദകുമാര്‍ കെ.മേനോന്‍ ദ ഹിന്ദുവിനോട് പറഞ്ഞു. പരീക്ഷ എഴുതാനെത്തിയ 120 പേരില്‍ 90 ശതമാനം പേരും യുവാക്കള്‍ ആയിരുന്നെന്നും അദ്ദേഹം പറയുന്നു.
’50 വര്‍ഷങ്ങള്‍ക്കിടെ ഞാന്‍ പഠിച്ച കാര്യങ്ങളെല്ലാം ഓര്‍ത്തെടുത്തു. പ്രധാനമായും ഗണിതം, സ്റ്റാറ്റിസ്റ്റിക്‌സ്, ഡാറ്റ പ്രോസസ്സിംഗ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ നിന്നുള്ള ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. അത് ഒരു അനുഭവം തന്നെയായിരുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നന്ദകുമാറിനോടൊപ്പം യുഎഇയില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന മകന്‍ സേതു നന്ദകുമാറും നാലാഴ്ച നീണ്ടു നിന്ന പരിശീലന പരിപാടിയില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ സേതുവിന് എന്‍ട്രന്‍സ് പരീക്ഷയിലേക്ക് യോഗ്യത നേടാനായില്ല. സ്‌പേസ് ലോയില്‍ ഡോക്ടറേറ്റ് ചെയ്യുന്ന തനിക്ക് കണക്കു പരീക്ഷ അല്‍പം ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നുവെന്നും സേതു പറയുന്നു.
പ്രവേശന പരീക്ഷയിലേക്കുള്ള തിരഞ്ഞെടുപ്പിന് ഒരു വിഷയത്തില്‍ നാല് പരീക്ഷകള്‍ വീതം ആകെ 16 പരീക്ഷകള്‍ നടന്നിരുന്നു. കുറഞ്ഞത് 50 ശതമാനം എങ്കിലും മാര്‍ക്ക് ലഭിച്ചവരാണ് പ്രവേശന പരീക്ഷയിലേക്ക് യോഗ്യത നേടിയത്.
Read Also:ഗുരുവായൂരപ്പന്റെ ‘ഥാര്‍’ ഇനി അങ്ങാടിപ്പുറത്തേക്ക്: 43 ലക്ഷത്തിന് സ്വന്തമാക്കി വിഘ്‌നേഷ് വിജയകുമാര്‍
പരീക്ഷക്ക് തയ്യാറെടുക്കുന്നതിനായി അച്ഛന്‍ ദിവസവും രാവിലെ 5.30 ന് എഴുന്നേല്‍ക്കുമായിരുന്നു എന്നും കഠിനാധ്വാനിയാണ് അദ്ദേഹമെന്നും സേതു കൂട്ടിച്ചേര്‍ത്തു. രാത്രി 10 മണി വരെ പഠനം നീണ്ടു നിന്നിരുന്നു.
നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ തന്നെ ഒരു എഞ്ചീനീയര്‍ ആകണമെന്നായിരുന്നു തന്റെ ആഗ്രഹമെന്ന് നന്ദകുമാര്‍ പറയുന്നു. പ്രശസ്ത എഞ്ചിനീയര്‍ വിശ്വേശ്വരയ്യ ആയിരുന്നു അദ്ദേഹത്തിന്റെ പ്രചോദനം.
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും ഗണിതശാസ്ത്രത്തില്‍ നന്ദകുമാര്‍ ബിരുദം നേടി. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ നിന്നാണ് ബിരുദ പഠനം പൂര്‍ത്തിയാക്കിയത്. പിന്നീട് നാസയുടെ സ്‌കോളര്‍ഷിപ്പോടെ യുഎസിലെ സിറാക്കൂസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ക്രയോജനിക് എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി. മാതൃരാജ്യത്തേക്ക് മടങ്ങാനുള്ള ആഗ്രഹത്തെ തുടര്‍ന്നാണ് ഗ്രീന്‍ കാര്‍ഡ് വേണ്ടെന്നു വെച്ച് സ്വദേശത്തു തന്നെ അദ്ദേഹം എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു.
Discussion about this post