കൊച്ചി: തൃപ്പുണിത്തുറയില്‍ പാലം നിര്‍മ്മാണത്തിനായി കുഴിച്ച കുഴിയില്‍ വീണ് യുവാവ് മരിച്ചതില്‍ നാല് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. സുരക്ഷാ മാനദണ്ഡം പാലിക്കാതെയുള്ള പാലം നിര്‍മാണമാണ് അപകടകാരണം.
സംഭവത്തില്‍ പൊതുമരാമത്തു വകുപ്പിനു വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നു പരിശോധിക്കാന്‍ മന്ത്രി മുഹമ്മദ് റിയാസ് പൊതുമരാമത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു. അദ്ദേഹം നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പുതിയകാവ് ഭാഗത്തുനിന്ന് ബൈക്കില്‍ പുലര്‍ച്ചെ വന്ന എരൂര്‍ സ്വദേശികളായ വിഷ്ണു, ആദര്‍ശ് എന്നീ രണ്ട് യുവാക്കളാണ് ഇവിടെ അപകടത്തില്‍പ്പെട്ടത്. ഇതില്‍ വിഷ്ണു കഴിഞ്ഞദിവസം മരിച്ചു. ആദര്‍ശിന്റെ നില ഗുരുതരമാണ്.
ഈ പാലത്തിന്റെ ഭാഗത്ത് വേണ്ട രീതിയില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതിരുന്നതാണ് അപകടത്തിന് കാരണമായതെന്നാണ് പരക്കെ ആക്ഷേപം. തൊട്ടു സമീപത്തുതന്നെയാണ് പോലീസ് സ്റ്റേഷനും. രണ്ട് ടാര്‍ വീപ്പ റോഡില്‍ വെച്ചിട്ടുണ്ടാകും എന്നതൊഴിച്ചാല്‍ ഇവിടെ മറ്റൊന്നുമില്ല. റോഡിനും പാലത്തിനും ഇടയില്‍ വലിയ ഗര്‍ത്തമാണ്. ഇതറിയാതെയാണ് യുവാക്കള്‍ വീണത്.
Discussion about this post