ആലുവ: മക്കളെ പുഴയിലെറിഞ്ഞശേഷം അച്ഛനും ചാടി ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെരിയാർ നദിയിലെ പാലത്തിലേക്ക് നാലരയോടെ മക്കളുമായി പാലത്തിലെത്തിയ ഉല്ലാസ് ഹരിഹരൻ എന്തിനാണ് മക്കളെ പുഴയിലെറിഞ്ഞ് മരണം തെരഞ്ഞെടുത്തത് എന്ന ചോദ്യമാണ് ചുറ്റും ഉയരുന്നത്.
ആദ്യം തന്റെ മൂത്ത മകൻ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ഏകനാഥിനെയാണ് ഉല്ലാസ് പുഴയിലേക്ക് തള്ളിയിട്ടത്. എന്നാൽ കൺമുന്നിൽ സഹോദരനെ പുഴയിലെറിയുന്നത് കണ്ട ഇളയമകൾ കൃഷ്ണപ്രിയ ഭയന്നു നിലവിളിച്ചു. അച്ഛനിൽ നിന്നും രക്ഷപ്പെടാൻ അവൾ ഓടാൻ തുനിഞ്ഞെങ്കിലും അപ്പോഴേക്കും ഉല്ലാസ് അവളെ ചേർത്തുപിടിച്ചു പുഴയിലേക്ക് ചാടുകയായിരുന്നു. സംഭവം ശ്രദ്ധയിൽ പെട്ട നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്താൻ തുടങ്ങിയെങ്കിലും ആരുടേയും ജീവൻ രക്ഷിക്കാനായില്ല. കുടുംബപ്രശ്‌നമാണ് ഉല്ലാസിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
വൈകീട്ട് ഈ സംഭവം നടക്കുമ്പോൾ പാലത്തിൽ ആളുകളുണ്ടായിരുന്നു. അപകടത്തിന് പിന്നാലെ നാട്ടുകാരും അഗ്നി രക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് ഏകനാഥിനെയും കൃഷ്ണപ്രിയയേയും കരക്കെത്തിച്ചു. അപ്പോഴും ഇരുവർക്കും ജീവനുണ്ടായിരന്നു. എന്നാൽ ആശുപത്രിയിലെത്തുമ്പോഴേക്കും ഇരുവരും ജീവൻ വെടിഞ്ഞു. രണ്ട് മണിക്കൂറിലധികം നീണ്ട തിരച്ചിലിൽ 6.30 ഓടെയാണ് ഉല്ലാസ് ഹരിഹരന്റെ മൃതദേഹം കിട്ടിയത്.
പുഴയുടെ അടുത്ത് നിന്ന് കണ്ടെത്തിയ സ്‌കൂട്ടർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്. ഇടപ്പള്ളി പള്ളിയിൽ പോകുന്നുവെന്ന് പറഞ്ഞാണ് കൽപ്പണിക്കാരനായ ഉല്ലാസ് വീട്ടിൽ നിന്ന് ഇറങ്ങിയതെന്നാണ് വിവരം.