കണ്ണൂർ: കുട്ടിക്കാലത്ത് സാധാരണ എല്ലാവരേയും പോലെയായിരുന്നു നീതുവും ഇരട്ടസഹോദരി നീമയെ പോലെ കളിച്ചും ചിരിച്ചും ഓടി നടക്കുന്ന കുട്ടി. എന്നാൽ പതിനെട്ടാം വയസിലാണ് വിധി നീതുവിനോട് ക്രൂരത കാണിച്ചത്. വിറയൽ പോലെ ഒരു രോഗം വന്ന് ശരീരം തളർന്ന് കിടപ്പായി. പിന്നീട് അങ്ങോട്ട് ജീവിതം ചക്രക്കസേരയിൽ തളർത്തിയിട്ടു. എന്നാൽ മനസിനെ തളർത്താൻ ഒരു രോഗത്തിനുമായില്ല. ഇന്ന് നീതു കഷ്ടപ്പെട്ട് പഠിച്ച് പിഎസ്‌സിയുടെ മൂന്ന് പരീക്ഷകളിൽ മികവ് കാണിച്ച് മൂന്ന് നിയമന ഉത്തരവ് വാങ്ങിയെടുത്തിരിക്കുകയാണ്.
തളിപ്പറമ്പിനടുത്ത് നരിക്കോട് പാറമ്മലിലെ നീതുവിന്റെ വിജയത്തിന് ഇരട്ടിയല്ല അനേകം മടങ്ങ് തന്നെയാണ് സന്തോഷം. നീതു ഇന്ന് തളിപ്പറമ്പ് താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്കാണ്. യുപി സ്‌കൂൾ അസിസ്റ്റന്റ്, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്, കെഎസ്എഫ്ഇ ഓഫീസ് അറ്റൻഡർ തസ്തികകളിൽ നിയമനോത്തരവും കിട്ടി. ആദ്യം ലഭിച്ച നിയമനങ്ങൾ തന്റെ പരിമിതികൾ കാരണം വേണ്ടെന്നുവെക്കുകയായിരുന്നു.
പഠിത്തം എന്നിട്ടും മുടക്കാതെ വാശിയോടെ മുന്നേറി. ഒട്ടേറെ പ്രതിസന്ധികളെ അതിജീവിച്ച് വില്ലേജ് ഫീൽഡ് അസിസ്റ്റന്റായി. തുടർന്ന് തിരുവനന്തപുരത്ത് എൽഡി ക്ലാർക്കായി. പിന്നീടാണ് തളിപ്പറമ്പ് താലൂക്ക് ഓഫീസിലെത്തിയത്. നരിക്കോട് പാറമ്മലിലെ ചെത്തുതൊഴിലാളി കുന്നൂൽ പദ്മനാഭന്റെയും ലളിതയുടെയും മകളാണ് നീതു.
എസ്എസ്എൽസി, പ്ലസ്ടു, ഡിഗ്രി എല്ലാത്തിലും മികച്ച വിജയം തന്നെ നേടി. പിന്നീട് ബിഎഡും സ്വന്തമാക്കി. തന്റെ എല്ലാനേട്ടത്തിനും പിന്നിലും അമ്മയാണെന്ന് നീതു രണ്ടാമതൊന്ന് ആലോചിക്കാതെ പറയും. 18-ാം വയസ്സിൽ ശരീരം പതുക്കെ തളർന്നു തുടങ്ങിയപ്പോൾ താങ്ങായി കൂടെ ഉണ്ടായത് അമ്മയാണ്.
ഇപ്പോഴും നീതുവിന്റെ അമ്മ എപ്പോഴും കൂടെയുണ്ടാകും. വലിയ സൗകര്യങ്ങളൊന്നുമില്ലാത്ത കൊച്ചുവീട്ടിലാണ് നീതുവും കുടുംബവും കഴിയുന്നത്. അതുകൊണ്ട് തന്നെ തന്റെ സ്വപ്‌നങ്ങൾ അവസാനിച്ചിട്ടില്ലെന്ന് നീതു പറയും. ജോലിയിൽ കൂടുതൽ മുന്നേറണം. പഴയ വീട് നന്നാക്കണം. അങ്ങനെയങ്ങനെ സ്വപ്‌നങ്ങളാണ് ഈ യുവതിക്ക്. നീതുവിന്റെ ഇരട്ട സഹോദരി നീമയും പഠനത്തിൽ മിടുക്കിയായിരുന്നു. അധ്യാപികയായാണ് ഇപ്പോൾ നീമ. അവർ വിവാഹിതയായി ഭർത്താവിനൊപ്പമാണ്.