ജനറല്‍ ടിക്കറ്റെടുത്ത് റിസര്‍വേഷന്‍ കംപാര്‍ട്മെന്റില്‍ യാത്ര ചെയ്യുന്നവര്‍ ഏറെയുണ്ട്.
ടിടിഇയുടെ കണ്ണില്‍പ്പെടാതെ രക്ഷപ്പെടുന്നവരാണ് അധികവും. എന്നാല്‍ ട്രെയിന്‍ യാത്ര അത്രയ്ക്ക് പരിചിതമല്ലാത്തതില് കമ്പാര്‍ട്ട്മെന്റെ മാറി കയറി ഫൈന്‍ അടക്കേണ്ടിവന്ന പെണ്‍കുട്ടിയുടെ ഫൈന്‍ സ്വന്തം പോക്കറ്റില്‍ നിന്നെടുത്ത് അടച്ചിരിക്കുകയാണ് ടിടിആര്‍ പാലക്കാട് സ്വദേശിയായ ടിടിഇ കൃഷ്ണകുമാര്‍.
തിരുവനന്തപുരം സ്വദേശിയായ പതിനഞ്ചുവയസ്സുകാരി ഷാഹിനയാണ് കമ്പാര്‍ട്ട്മെന്റ് മാറി കയറിയത്. ജൂണ്‍ രണ്ടിനായിരുന്നു സംഭവം. നേത്രാവതി എക്സ്പ്രസിലെ റിസര്‍വേഷന്‍ കംപാര്‍ട്മെന്റില്‍ കയറി. പക്ഷേ അവള്‍ക്ക് റിസര്‍വേഷന്‍ കംപാര്‍ട്മെന്റും ജനറലും തമ്മിലുള്ള വ്യത്യാസം അറിയില്ലായിരുന്നു. ഷാഹിനയ്ക്ക് ട്രെയിനില്‍ യാത്ര പരിചയമില്ലാത്തതായിരുന്നു. വയനാട് പഠിക്കാനെത്തിയ ഷാഹിന തിരിച്ച് വീട്ടിലേക്കുള്ള യാത്രയിലായിരുന്നു. കോഴിക്കോട് നിന്നാണ് ട്രെയിന്‍ കയറിയത്. ഇതിന് മുമ്പ് തിരുവനന്തപുരത്ത് നിന്ന് കൊല്ലം വരെ ട്രെയിനില്‍ യാത്ര ചെയ്ത പരിചയം മാത്രമാണ് ഷാഹിനയ്ക്കുണ്ടായിരുന്നത്.
ടിടിഇ വന്നതോടെയാണ് ടിക്കറ്റിലുള്ള സ്ഥലത്തല്ല താന്‍ ഇരിക്കുന്നതെന്ന് അവള്‍ക്ക് മനസിലായത്. ഇതോടെ ആകെ അങ്കലാപ്പിലായി. എന്തു ചെയ്യണം എന്ന് അറിയാത്ത അവസ്ഥ. ഫൈന്‍ അടക്കുക മാത്രമേ വഴിയുണ്ടായിരുന്നുള്ളു. പെണ്‍കുട്ടി പണമടച്ച് യാത്ര തുടര്‍ന്നു. പക്ഷേ അവളുടെ കൈയില്‍ ആവശ്യത്തിന് പണമില്ലെന്ന് മനസിലായ ടിടിഇ കുട്ടിയോട് വിവരങ്ങള്‍ തിരക്കി. ഒടുവില്‍ ഫൈന്‍ അടച്ച തുക ഉള്‍പ്പെടെ കുറച്ചു പണം ടിടിഇ തന്റെ പേഴ്സില്‍ നിന്നെടുത്തു കൊടുത്തു.
‘അവളെ കണ്ടപ്പോള്‍ എന്റെ മകളേയാണ് ഓര്മ വന്നത്. അതുകൊണ്ട് കൈയിലുള്ള പൈസ എടുത്തുകൊടുക്കാന്‍ രണ്ടാമതൊന്ന് ആലോചിച്ചില്ല. അവളുടെ കൈയില്‍ നിന്ന് വീട്ടിലെ നമ്പര്‍ വാങ്ങി അമ്മയെ വിളിച്ചു. അവര്‍ തിരുവനന്തപുരത്ത് റെയില്‍വേ സ്റ്റേഷനില്‍ അവളെ കൂട്ടാന്‍ വരുമെന്ന് എനിക്ക് ഉറപ്പുനല്‍കി. അതോടൊപ്പം ജനറല്‍ സിറ്റിങ്ങില്‍ നിന്ന് സ്ലീപ്പര്‍ ക്ലാസിലേക്കും അവളെ മാറ്റി. ദീര്‍ഘദൂര യാത്രയില്‍ കംപാര്‍ട്ട്മെന്റില്‍ ഒറ്റക്കാവാതിരിക്കാന്‍ മുന്‍കരുതലായി ചെയ്തതാണ്. സ്ലീപ്പര്‍ കംപാര്‍ട്ടുമെന്റില്‍ ചാര്‍ജ്ജുള്ള ടിടിഇയെ വിവരം ധരിപ്പിച്ച ശേഷമാണ് ഞാന്‍ ഡ്യൂട്ടിയില്‍ നിന്ന് ഇറങ്ങിയത്.’ കൃഷ്ണ കുമാര്‍ പറഞ്ഞു.
പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ കൃഷ്ണ കുമാറിന് ഭാര്യയും രണ്ട് കുഞ്ഞുങ്ങളുമുണ്ട്. മൂത്ത മകള്‍ കൃപ കൃഷ്ണ ഏഴാം ക്ലാസില്‍ പഠിക്കുന്നു. മകന് വൈഭവ് കൃഷ്ണ രണ്ടാം ക്ലാസിലാണ്. ഭാര്യ വിജി വീട്ടമ്മയാണ്.
Discussion about this post