കൊല്ലം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. തിരുവനന്തപുരം വട്ടപ്പാറ എസ്‌യുടി ആശുപത്രിയിലായിരുന്നു മരണം. തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ വട്ടപ്പാറയില്‍ വച്ച് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യമുണ്ടായി. തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം.
ചടയമംഗലം മുന്‍ എംഎല്‍എയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും ആയിരുന്നു പ്രയാര്‍. മില്‍മയുടെ മുന്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചിരുന്നു. 2001-ല്‍ ചടയമംഗലത്ത് നിന്നും ജയിച്ച് എംഎല്‍എയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് കൊല്ലം ജില്ലാ പ്രസിഡന്റും കെഎസ്‌യുവിന്റെ മുന്‍ സംസ്ഥാന അധ്യക്ഷനുമായിരുന്നു.
സഹകരണ സ്ഥാപനമായ മില്‍മയുടെ ചെയര്‍മാനായി ദീര്‍ഘകാലം ഗോപാലകൃഷ്ണന്‍ പ്രവര്‍ത്തിച്ചു. പ്രയാറിന്റെ പിന്തുണയോടെ മില്‍മ കോണ്‍ഗ്രസിനൊപ്പം നിന്നു. പിന്നീട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷനായ പ്രയാര്‍ യുവതീപ്രവേശനത്തെ എതിര്‍ത്തു കൊണ്ട് കര്‍ശന നിലപാടാണ് എടുത്തത്. മുഖ്യമന്ത്രി പിണറായിയുമായി നേരിട്ട് ഏറ്റുമുട്ടിയ പ്രയാറിനെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സിലൂടെ ദേവസ്വം ബോര്‍ഡ് അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കി.