കാളികാവ്: മലപ്പുറ്തത് സൈവൻസ് മൈതാനങ്ങളിൽ മുഴങ്ങിക്കേട്ടിരുന്ന ഹീറോയുടെ പേരാണ് വളരാട്ടിലെ ബൈജുവിന്റേത്. എതിരാളികളെ വിറപ്പിക്കുന്ന ബൈജു ഇനി സെവൻസ് മൈതാനത്തേക്കില്ല എന്ന വാർത്ത നാട്ടിലെ ഫുൾബോൾ പ്രേമികളെ കുത്തിനോവിക്കുകയാണ്. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പാണ്ടിക്കാട് വളരാട് പുന്നാരത്ത് ബൈജുമോൻ വ്യാഴാഴ്ച രാത്രിയോടെയാണ് മരിച്ചത്.
നിരവധി സെവൻസ് ടീമുകളിൽ സാന്നിധ്യമറിയിച്ചിട്ടുള്ള ബൈജു വിശ്വസ്തനായ പ്രതിരോധതാരമായിരുന്നു. ജില്ലാ എ ഡിവിഷൻ കളിച്ചിട്ടുള്ള ബൈജു അഖിലേന്ത്യാ സെവൻസിൽ എഫ്സി പെരിന്തൽമണ്ണ, ജവഹർ മാവൂർ, സ്കൈ ബ്ലൂ എടപ്പാൾ, ഫ്രണ്ട്സ് മമ്പാട്, കെഎഫ്സി കാളികാവ്, എഫ്സി കൊട്ടപ്പുറം, ഫിഫ മഞ്ചേരി തുടങ്ങിയ ടീമുകൾക്കുവേണ്ടി കളത്തിലിറങ്ങിയിട്ടുണ്ട്.
വളരാട് യുവധാരക്ലബ്ബിലൂടെ കളിതുടങ്ങിയ ബൈജു പാണ്ടിക്കാട്ടെയും പരിസരപ്രദേശങ്ങളിലേയും പ്രാദേശിക ക്ലബ്ബുകൾക്കു വേണ്ടിയും കളിച്ചു. പിന്നീടാണ് പ്രൊഫഷണൽ സെവൻസ് താരമായത്.പ്രതിരോധത്തിൽ പിഴവുവരുത്താതെ ടീമിലെ മുന്നേറ്റക്കാർക്ക് പന്ത് എത്തിക്കാനുള്ള ബൈജുവിന്റെ മികവാണ് കളിക്കമ്പക്കാരുടെയും ടീം മാനേജ്മെന്റുകളുടെയും പ്രിയം നേടിക്കൊടുത്തത്.
പ്രഭാതസവാരിക്കിടെ മേയ് 15-നാണ് പിറകിലൂടെ വന്ന ബൈക്കിടിച്ച് ബൈജുവിന് പരിക്കേറ്റത്. ചികിത്സയിലായിരുന്ന ബൈജു വ്യാഴാഴ്ച രാത്രിയാണ് മരിച്ചത്. അപകടത്തിൽപ്പെട്ടശേഷമാണ് ബൈജുവിന് കുഞ്ഞ് ജനിച്ചത്. കുഞ്ഞിനെ ഒരുനോക്ക് കാണാൻ കഴിയാതെയാണ് ബൈജുവിന്റെ അവസാനയാത്ര.
പ്രിയതാരത്തെ ഒരു നോക്കുകാണാനായും അന്ത്യോപചാരം അർപ്പിക്കാനും വൻ ജനാവലിയെത്തിയിരുന്നു. വളരാട് യുവധാര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് പരിസരത്ത് പൊതുദർശനത്തിനുവെച്ച ശേഷം ബൈജുവിന്റെ വീട്ടിലേക്ക് കൊണ്ടുപോയി. വെള്ളിയാഴ്ച മൂന്നരയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
Discussion about this post